Saturday, March 16, 2013

Bhagavad Gita in Contemporary Malayalam - ദൈവ വചനങ്ങള്‍

ദൈവ വചനങ്ങള്‍ 
ഭഗവദ് ഗീത ഇന്നത്തെ മലയാളത്തില്‍ 
എഴുതിയത് - ആശാകിരണ്‍ 
+919942157802
ഭഗവദ്ഗീത – രണ്ടാം അദ്ധ്യായം – സാംഖ്യ യോഗം-
സഞ്ചയന്‍ പറയുന്നു –
അങ്ങനെ ആകെ വിഷമിച്ച് കരഞ്ഞുംകൊണ്ട് ഇരിക്കുന്ന അ‍ര്ജ്ജു‍നനോട് ശ്രീകൃഷ്ണ ഭഗവാ‍ന്‍ ചില കാര്യങ്ങ‍ള്‍ പറഞ്ഞു.
ശ്രീ ഭഗവാ‍ന്‍ (ദൈവം) പറഞ്ഞു
എന്താടോ, ഇത്? വളരെ പ്രശ്നമുള്ള ഈ സമയത്ത് ഇങ്ങനെ കുത്തി ഇരിക്ക്യാ? ഇതൊന്നും രാജാക്കന്മാര്ക്ക് ചേര്ന്നതല്ല. ഇത് നിന്നെ പ്പോലുള്ളവര്ക്ക് പറ്റിയതല്ലെടോ.........
ഇങ്ങനെ ഇരുന്നാ‍ല്‍ നിന്നെക്കുറിച്ച്  (ഒരു നല്ല യോദ്ധാവാണെന്നും മറ്റും) ഉള്ള സത്പേര് പോയിക്കിട്ടും!
നീ ഈ ആണും പെണ്ണും കെട്ട അവസ്ഥ മാറ്റ്, ഇതൊന്നും നിനക്കു ചേരുന്നതല്ല.
നിന്റെ നെഞ്ചിലെ പേടിയൊക്കെ അങ്ങോട്ട് മാറ്റിവെച്ച് ഒന്ന് എണീക്കെന്റെ അര്ജ്ജുനാ........
അര്ജ്ജുന‍ന്‍ പറയുന്നു – എന്റെ കൃഷ്ണാ ഞാനെങ്ങനെയാണ് എന്റെ ഗുരുകാരണവന്മാരായ ഭീഷ്മ‍ര്‍ , ദ്രോണര്‍ തുടങ്ങിയവരെ കൊല്ലുക?, അവരെ എപ്പോഴും ബഹുമാനിക്കേണ്ടതല്ലെ?
ഈ വലിയ വലിയ ഗുരുക്കന്മാരെ കൊന്നിട്ട് ഞാനീ ലോകത്ത് എങ്ങനെ നേരാവാനാണ്.
ഈ ഗുരുക്കന്മാരെ ഒക്കെ കൊന്നിട്ട് വളരെ സമ്പത്തും ഒക്കെ കൈവശമാക്കിയാ‍‍ല്‍‍ അതിനെ ഞാനെങ്ങനെ ആസ്വദിക്കും?
ഈ സുഖങ്ങളൊക്കെ ചോരയുടെ കറ പുറണ്ടതാവില്ലെ?
എനിക്ക് യുദ്ധത്തില്‍ ജയിച്ചാലും വേണ്ടില്ല, തോറ്റാലും വേണ്ടില്ല, ഈ കൌരവന്മാരെയൊക്കെ എന്തായാലും കൊല്ലാന്‍ കഴിയില്ല.
എന്‍റെ മനസ്സാകെ മരവിച്ചിരിക്കയാണ്.ഒന്നും തീരുമാനിക്കാന്‍ കഴിയുന്നില്ല.
നീ ഒരു വഴി എന്താനും വെച്ചു പറഞ്ഞു താ
ഞാ‍ന്‍ നിന്‍റെ ഒരു ശിഷ്യനായി തീര്‍ന്നു. എന്നെ കൈ വിടരുതേ!
ഈ ഭയങ്കരമായ യുദ്ധം ചെയ്ത് എല്ലാവര്‍ക്കും കഷ്ടത്തെ ഉണ്ടാക്കിയിട്ട് കുറെ ഭുമിയും രാജ്യവും ലഭിക്കുന്നതില്‍ ഞാ‍ന്‍ വലിയ നേട്ടമൊന്നും കാണുന്നില്ല.
സഞ്ചയന്‍ പറയുന്നു-
ഇങ്ങനെ ഒക്കെ പറഞ്ഞ്, (വളരെ രഹസ്യമായി) എന്തായാലും യുദ്ധമൊന്നും ചെയ്യുന്നില്ലാ എന്നു പറഞ്ഞുകൊണ്ട്, മിണ്ടാതെ ഒറ്റ ഇരിപ്പായി.
ശ്രീ കൃഷ്‍ണ ഭഗവാ‍ന്‍ തമാശയ്ക്കെന്ന മട്ടി‍‍‍ല്‍ അവനോട് ആ രണ്ടു സൈന്യങ്ങളുടെയും ഇടയി‍‍ല്‍ നിന്നു കൊണ്ട് ഈ വാക്കുക‍ള്‍‍‍ പറയുന്നു.
ശ്രീ ഭഗവാന്‍ പറഞ്ഞു –
വലിയ ആളെ പ്പോലെ സംസാരിക്കുന്ന നീ , വേണ്ടാത്തതില്‍ ദുഃഖിക്കുകയാണ്. വിവരമുള്ളവ‍ര്‍ മരിച്ചവരെയും മരിക്കാത്തവരെയും കുറിച്ച് ആലോചിച്ച് സങ്കടപ്പെടാറില്ല.
ഞാനോ നീയോ ഇക്കാണുന്ന രാജാക്കന്മാരോ ഒന്നും ഇവിടെ ശാശ്വതമല്ല. ഓരോരുത്ത‍ര്‍ക്കും കുറച്ച് ആയുസ്സേ ഉള്ളൂ.
ജീവികള്‍ക്ക് കുട്ടിക്കാലം, ചെറുപ്പകാലം, വയസ്സാംകാലം, പിന്നീട് മരിച്ച് വേറൊറു ജനനം, ഇതൊക്കെ സ്വാഭാവികമാണ്. ഇതിലൊന്നും ബുദ്ധിയുള്ളവ‍ര്‍ ദുഃഖിക്കാറില്ല.
നമ്മള്‍ ഓരോന്നി‍‍ല്‍ ചേരുമ്പോഴാണ് തണുപ്പ്, ചൂട്, സുഖം, ദുഃഖം, ഇതൊക്കെത്തോന്നുന്നത്. എന്നാല്‍ അവ മാറ്റമില്ലാതെ എന്നും ഉള്ളവയാണ്. അതിനെ നീ കൂടുതലോര്‍ക്കേണ്ടതില്ല.
സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പെരുമാറുന്ന, ഈ മാറ്റങ്ങ‍ള്‍ ബാധിക്കാത്ത ധീരനു വേണ്ടി മരണമില്ലായ്മ (അമൃത്) കാത്തിരിക്കുന്നു.
ഉള്ളത് ഒരിക്കലും ഇല്ലാതാവുന്നില്ല, ഇല്ലാത്തത് ഒരിക്കലും ഉണ്ടാവുന്നുമില്ല. ഇതിന്‍റെ രണ്ടി‍ന്‍റെയും ഉദാഹരണങ്ങ‍ള്‍ കാര്യം അറിയുന്നവര്‍ പറഞ്ഞിട്ടുണ്ട്. (മുന്‍പുണ്ടായിരുന്നവ‍ര്‍ ഇതറിഞ്ഞിരുന്നു).
ഈ കാണുന്നതിനെ എല്ലാമറിഞ്ഞ് അതിനെ മറികടന്നവന് നാശമില്ലെന്ന് നീ മനസ്സിലാക്കുക.
ആരാലും ഒരിക്കലും, ഒരുനാശവും അവനേല്‍പിക്കാ‍‍ന്‍ കഴിയില്ല.
ഈ ദേഹങ്ങള്‍ക്ക് എല്ലാം ഒരന്ത്യമുണ്ട്.എന്നാ‍‍‍ല്‍ അതിലുള്ള ആത്മാവിന് നാശമില്ല. അതിനാല്‍ മടിക്കാതെ നന്മയ്ക്കായി പോരാടുക. കൊല്ലുന്നു എന്നും കൊല്ലപ്പെടുന്നു എന്നും അവനവന് തോന്നുന്നതാണ്. ആത്യന്തികമായി ആരും ആരെയും കൊല്ലുന്നില്ല, കൊല്ലപ്പെടുന്നുമില്ല.
ഈ ആത്മാവ്, വളരെ പഴക്കം ചെന്നതും, ജനിക്കാത്തതും, മണ്ണടിയാത്തതും,ഒരിക്കലും ഉണ്ടാവാത്തതും, എപ്പോഴും ഉള്ളതുമാണ്.
ശരീരം കൊല്ലപ്പെട്ടാലും അതി‍‍ലുള്ള സത്യം കൊല്ലപ്പെടുന്നില്ല.
ഈ ജനിക്കാത്ത, മാറ്റമില്ലാത്ത സത്യമാകുന്ന ആത്മാവിനെ അറിഞ്ഞാല്‍ , എന്‍റെ അ‍ര്‍ജ്ജുനാ, ആര്‍ ആരെയാണ് കൊല്ലുന്നത്, ആര്‍ ആരാലാണ്‍  കൊല്ലപ്പെടുന്നത്.
നമ്മളൊക്കെ പഴകിയ വസ്ത്രങ്ങ‍ള്‍ മാറ്റി പുതിയവ ഉടുക്കാറില്ലേ, അതേപോലെ ആത്മാവ് പഴകിയ ശരീരം വിട്ട് പുതിയ ശരീരം കണ്ടെത്തുന്നു. ഈ ആത്മാവിനെ ആയുധങ്ങ‍ള്‍ക്ക് മുറിക്കാന്‍ കഴിയില്ല, തീയിന് കത്തിച്ചാമ്പലാക്കാന്‍ കഴിയില്ല, വെള്ളത്തന് ലയിപ്പിക്കാന്‍ കഴിയില്ല, കാറ്റിന് ഉണക്കാനും കഴിയില്ല.
ഇത് മുറിക്കാന്‍ പറ്റാത്തതാണ്, കത്തിക്കാന്‍ പറ്റാത്തതാണ്, മെലിയിക്കാനും പറ്റാത്തതാണ്.
എല്ലായ്പോഴും ഉള്ളതും, എല്ലായിടത്തും ഉള്ളതും, ഒരു വികാരവും ഇല്ലാത്തതും ആണ്. അതിനാല്‍ ഈ സത്യം മനസ്സിലാക്കി നീ വേണ്ടാത്ത സങ്കടം ഒഴിവാക്കുക. അതല്ല, നീ എന്നും ജനിച്ചുകൊണ്ടും മരിച്ചു കൊണ്ടും ഇരിക്കുന്നവനാണെന്നു കരുതിയാല്‍ പോലും വിഷമിക്കേണ്ട യാതൊരു ആവശ്യവുമില്ല. ജനിച്ചവന് മരണം ഉറപ്പാണ്. മരിച്ചവന്‍ ജനനം ഉറപ്പാണ്. ഈ പ്രതിഭാസം നിനക്ക് പരിഹരിക്കാ‍ന്‍ കഴിയാത്തതാണ്. പിന്നെ നിനക്ക് എന്തിനാണീ വേണ്ടാത്ത ദുഃഖം.
ഈ കാണുന്നതിന്‍റെ ഒന്നും ആദ്യം (തുടക്കം), ആര്‍ക്കും വ്യക്തമല്ല. മദ്ധ്യഭാഗം മാത്രം വ്യക്തമാണ്, ഇതിന്‍റെ അവസാനവും ആ‍ര്‍ക്കും വ്യക്തമല്ല. പിന്നെ നീ എന്തിനാണ് വിഷമിക്കുന്നത്.
ഈ ആത്മാവിനെ ചിലര്‍ വളരെ ആശ്ചര്യത്തോടെ കാണുന്നു. ചിലര്‍ അദ്ഭുതത്തോടെ ഇതിനെ ക്കുറിച്ച് സംസാരിക്കുന്നു. ചിലര്‍ ആശ്ചര്യത്തോടെയാണ് കേ‍ള്‍ക്കുന്നത് പോലും. കേള്‍ക്കുന്നവരി‍ല്‍ത്തന്നെ പലര്‍ക്കും ശരിയെന്തെന്ന് അറിയുന്നില്ല.
എല്ലാ ദേഹത്തിലും ഉള്ളതായ ആത്മാവ് കൊല്ലാന്‍ സാധിക്കാത്തതാണ്.
അതിനാ‍ല്‍ എല്ലാം മുന്‍പേ ഉള്ളതാണ്. നീ ഇക്കാര്യത്തില്‍ സങ്കടപ്പെടേണ്ട ഒരാവശ്യവും ഇല്ലാട്ടോ.
സ്വന്തം കഴിവും ജോലിയില്‍ (പ്രവൃത്തിയില്‍), അറിവും ഉള്ള നീ ഒരിക്കലും ഇങ്ങനെ പറയരുത്.
രാജാവിന്, തെറ്റിനെതിരെ പോരാടുക എന്നത് നല്ലതും ശ്രേയസ്സ് ഉണ്ടാക്കുന്നതുമാണ്.
സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലിതാ അടുത്തെത്തിയിരിക്കുന്നു.
വളരെ സുഖം ലഭിക്കുന്ന ധാ‍‍‍ര്‍മ്മികന്മാ‍ര്‍ക്കു മാത്രമാണ് ഇത്തരം അവസരം ലഭിക്കുന്നത്.
നന്മ ചെയ്യാനുള്ള ഈ അവസരം നീ പാഴാക്കരുത്.
ഇതിനെ പാഴാക്കിയാ‍‍ല്‍ സ്വന്തം നിലയും വിലയും കളഞ്ഞുകുളിച്ച് നീ ഒരു പാപിയായിത്തീരും
നിന്നെ ക്കുറിച്ച് പിന്നീടെല്ലാവരും വളരെ മോശമായ അഭിപ്രായം പറയും. അത് മരിക്കുന്നതില്‍ സമമാണ്. നീ പേടി കാരണം യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടി എന്നു എല്ലാവരും പറയും. വലിയവനാണ് നീ എന്ന് ഇപ്പോള്‍ എല്ലാവ‍ര്‍ക്കും ഒരു ധാരണയുണ്ട്. അതില്ലാതാവും സൂക്ഷിച്ചോളൂ. പറയാന്‍ പാടില്ലാത്ത കാര്യങ്ങ‍ള്‍ നിന്നെ ക്കുറിച്ച് പറയും നിന്‍റെ സാമര്‍ഥ്യത്തെ ക്കുറിച്ച് നാലാളുക‍ള്‍ മോശമായി പറയുന്നതിനെക്കാളും ദുഃഖം വേറെ എന്താണുള്ളത്
മരിച്ചാല്‍ സ്വ‍ര്‍ഗ്ഗം കിട്ടും ജയിച്ചാലോ ഈ ഭൂമിയും കിട്ടും. അതിനാല്‍ എഴുന്നേറ്റ് പോയി നന്മയ്ക്കായുള്ള യുദ്ധം നടത്തുക. സുഖത്തിലും, ദുഃഖത്തിലും, ലാഭത്തിലും, ലാഭമില്ലാത്തപ്പോഴും, ജയത്തിലും, പരാജയത്തിലും, ഒരു പോലെ ഉള്ളവനായിട്ട് നീ യുദ്ധം ചെയ്താല്‍ നിനക്ക് ഒരു പാപവും വരില്ല.
ഇത്രവരെ നിനക്ക് സാംഖ്യം എന്ന രീതിയില്‍ പറഞ്ഞുതന്നു. ഇനി യോഗത്തിന്‍റെ അഭിപ്രായം കേട്ടുകൊള്ളുക.

ബുദ്ധി ഉപയോഗിച്ചാ‍ല്‍ ഈ ബന്ധനങ്ങളി‍ല്‍ നിന്നൊക്കെ പുറത്ത് ചാടാന്‍ നിനക്ക് കഴിയും
അവനവന്‍റെ പ്രവൃത്തിക‍ള്‍ കുറച്ചെങ്കിലും ചെയ്താ‍ല്‍ അത് വളരെ വലിയ സങ്കടങ്ങളില്‍ നിന്ന് നമ്മളെ മോചിപ്പിക്കും
പലതിലേക്കായി പോകുന്ന നിന്‍റെ ബുദ്ധിയെ ഒരു സ്ഥലത്ത് കേന്ദ്രീകരിക്ക്.
പലതിലേക്ക് ശ്രദ്ധിക്കുന്നവരുടെ ബുദ്ധി പലതായി പിരിഞ്ഞ് പോകുന്നു.
പലതരത്തിലുള്ള വാചക വ്യായാമം നടത്തുന്നവര്‍ക്ക് അതിലൂടെ സമ്പത്താണ് ലക്ഷ്യം
അങ്ങനെ പലതരം സമ്പത്തുകളുടെ പിറകേ പോകുന്നവന് ബുദ്ധി ഒന്നി‍ല്‍ ഉറയ്ക്കുന്നില്ല.
അറിവ് സാധാരണമായി മൂന്ന് ഗുണങ്ങളോട് കൂടിയതാണ്. നീ ഈ മൂന്നില്‍ നിന്നും വേറിട്ട് നില്‍ക്കുക
വിരുദ്ധങ്ങളായ കാമം, കോപം, പിശുക്ക് ധൂര്‍ത്ത് തുടങ്ങിയ ഇരട്ടകളില്ലാതെ എല്ലായ്പോഴും സത്യമായതിനെ അറിഞ്ഞ് യോഗക്ഷേമത്തി‍ല്‍ ഉറച്ചവനാകണം.
നീ ശ്രദ്ധിക്കേണ്ടതും, നന്നായി ചെയ്യേണ്ടതും നിന്‍റെ പ്രവൃത്തികളാണ്. അതിലാണ് നിനക്കധികാരം. ആ പ്രവൃത്തികളുടെ ഫലത്തിലല്ല.
പ്രവൃത്തിയുടെ ഫലത്തില്‍ മാത്രം ശ്രദ്ധിക്കുന്നവനാവാതെ, നിനക്ക് നിന്‍റെ പ്രവൃത്തിയുമായി ഒട്ടിച്ചേരല്‍ ഇല്ലാതാവട്ടെ.
എല്ലാം അറിഞ്ഞവന്, ഉപദേശ ഗ്രന്‍ഥങ്ങളായ വേദങ്ങ‍ള്‍ , എങ്ങും വെള്ള മുള്ളപ്പോള്‍ വെള്ളത്തിനുള്ള കിണ‍റ്‍ പോലെ അനാവശ്യമാണ്.
യോഗത്തിലിരുന്നുകൊണ്ട് പ്രവൃത്തികള്‍ ചെയ്യുക.
അതില്‍ കൂടിച്ചേരാതിരിക്കുക
പ്രവൃത്തിയാലുദ്ദേശിക്കുന്ന ഫലം ലഭിച്ചാലു മില്ലെങ്കിലും ഒരേ പോലെ ഇരിക്കുന്ന സമത്വമാണ് യോഗം എന്നാലുദ്ദേശിക്കുന്നത്.
നീ നിന്‍റെ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങ‍ള്‍ ആലോചിക്കുക
വെറുതെ പ്രവൃത്തിയുടെ ഫലത്തില്‍ മാത്രം അള്ളിപ്പിടിച്ചിരിക്കരുത്.
ബുദ്ധിയെ ശരിക്ക് ഉപയോഗിക്കുന്നവന് നല്ലതും ചീത്തയും വേര്‍തിരിഞ്ഞ് മനസ്സിലാവും
അതിനാല്‍ നീ യോഗത്തെ താങ്ങാക്കുക. യോഗമാണ് വളരെ സമര്‍ഥമായ ജിവിതരീതി.
ബുദ്ധി ഉപയോഗിച്ച്, ചെയ്യുന്ന പ്രവൃത്തിയുടെ ഫലങ്ങളെ ഉപേക്ഷിച്ച്, ജനന മരണങ്ങളില്‍ നിന്നും മോചിതനായി രോഗങ്ങളില്ലാത്ത, മാറ്റമില്ലാത്ത, ശാശ്വതമായ സ്ഥാനത്ത് എത്തി ച്ചേരുന്നു.
ശരിയായിട്ടുള്ളതിനെ കേ‍‍ട്ടതിന്‍റെ അറിവില്ലാതെയാണ് നി‍ന്‍റെ ബുദ്ധി നട്ടം തിരിയുന്നത്.
കേട്ട അറിവില്‍ നി‍ന്‍റെ ബുദ്ധി ഉറച്ചിരുന്ന് ചലിക്കാതെ ശരിയായ സ്ഥാനത്ത് നിന്നാല്‍ നീ യോഗത്തെ ഉപയോഗിക്കുന്നു എന്ന് ഞാ‍ന്‍ പറയും
അര്‍ജുന‍ന്‍ പറഞ്ഞു
ശരിയായ സ്ഥാനം ലഭിച്ച ഉണര്‍വ്വ് (പ്രജ്ഞ) എന്താണ് കൃഷ്ണ...
ബുദ്ധി ഉറച്ചവന്‍ എന്ത് സംസാരിക്കും....
എവിടെ ഇരിക്കും
അയാളുടെ ജീവിതരീതി എങ്ങനെ ആയിരിക്കും
ശ്രീ കൃഷ്ണ ഭഗവാന്‍ പറഞ്ഞു
മനസ്സില്‍ വരുന്നതായ എല്ലാ ആഗ്രഹങ്ങളേയും നശിപ്പിക്കാ‍ന്‍ കഴിയുമ്പോ‍ള്‍  സ്വയം സന്തുഷ്ടനാവുന്നു. അയാളെ ഉണര്‍വുറച്ചവ‍ന്‍ (സ്ഥിത പ്രജ്ഞന്‍) എന്നു പറയുന്നു
ദുഃഖത്തില്‍ മനസ്സ് വെപ്രാളപ്പെടാതെ, ഉള്ള സുഖങ്ങളെ അതിയായി ഉപയോഗിക്കാതെ, പേടി, ഇഷ്ടം, കോപം ഇവ വിട്ടുമാറി, മനസ്സ് ഉറച്ചവനെ മുനി എന്ന് പറയുന്നു
ആര്‍ ഒരിടത്തും പ്രത്യേകിച്ച് സ്നേഹമില്ലാതെ, നല്ലതും മോശമായതുമായ സാഹചര്യങ്ങളില്‍ അവയോട് താത്പര്യമോ, വിദ്വേഷമോ കൂടാതെ ഇരിക്കുന്നുവോ അവന്‍റെ ബുദ്ധി ഉറച്ചതാണ്.
ഒരു ആമ തന്‍റെ ശരീരാവയവങ്ങളെ തോടിനുള്ളിലേക്ക് വലിക്കുന്നതു പോലെ, സ്വന്തം അവയവങ്ങളെ അവയുടെ ഇഷ്ട വിഷയങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നവ‍ന്‍റെ ബുദ്ധി ഉറച്ചതാണ്
ആഹാരം കഴിക്കാത്തവന്‍റെ വിഷയസുഖങ്ങ‍ള്‍ പിന്തിരിയുന്നു. ഒരു രസവും ഇല്ലാത്ത അവന്‍ അപ്പോ‍ള്‍ അറിയേണ്ടതിനെ അറിയുന്നു
എന്നിട്ട് സമാധാനിക്കുന്നു
എത്ര ശ്രമിച്ചാലും അവയവങ്ങ‍ള്‍ ബലമായി മനസ്സിനെ അവയുടെ താത്പര്യ വിഷയങ്ങളുമായി അടുപ്പിക്കും
അതിനാ‍ല്‍ എല്ലാ അവയവങ്ങളേയും നല്ലപോലെ നിയന്ത്രിച്ച് എന്നി‍ല്‍ തന്നെ യോജിച്ച മനസ്സുമായി നീ ഇരിക്കണം
തന്‍റെ അവയവങ്ങ‍ള്‍ ആരുടെ നിയന്ത്രണത്തിലാണോ അവ‍ന്‍റെ ബുദ്ധി ഉറച്ചതായിത്തീരുന്നു
പല കാര്യങ്ങളെ ക്കുറിച്ച് ആലോചിച്ചിരുന്ന് മനുഷ്യന്‍ അവയി‍ല്‍ ഒട്ടിച്ചേരുന്നു. (മനസ്സിനെ അതിലേക്ക് യോജിപ്പിക്കുന്നു.)
ആ ഒട്ടിച്ചേര്‍ച്ചയി‍ല്‍ നിന്നും ആഗ്രഹം ഉണ്ടാവുന്നു.
ആ ആഗ്രഹത്തില്‍ നിന്നും കോപം ഉണ്ടാവുന്നു. (അത് സാധിക്കാതെ വരുമ്പോള്‍)
ആ അതിയായ കോപത്തല്‍ നിന്നും എന്താണ് ചെയ്യേണ്ടതെന്നറിയാതെ വരുന്നു. ഇതിനാല്‍ ഓ‍ര്‍മ്മ നശിക്കുന്നു.
ഓ‍ര്‍മ്മ നശിക്കുന്നവ‍ന്‍റെ കാര്യങ്ങ‍ള്‍ വേണ്ടപോലെ കാണാനും കാര്യങ്ങ‍ള്‍ നല്ലപോലെ തീരുമാനിക്കാനുമുള്ള കഴിവ് നശിക്കുന്നു.
അതിന്‍റെ കാരണമായിട്ട് എല്ലാം നശിക്കുന്നു
വീണ്ടും വീണ്ടും വരുന്ന ഇഷ്ടവും , ഇഷ്ടമില്ലായ്മയും ഇല്ലാതെ, വിഷയങ്ങളെ , താത്പര്യങ്ങളെ , തന്‍റെ അവയവങ്ങളുമായി ബന്ധിപ്പിക്കുന്നവന്‍, എല്ലാത്തിനേയും തന്നിലേക്ക് വശപ്പെടുത്തി സന്തോഷവാനായിത്തീരുന്നു.
സന്തോഷവാനായ അവന്‍റെ ബുദ്ധി ഉറയ്ക്കുന്നു.
ചിന്തിക്കാത്തവന് ബുദ്ധിയില്ല.
ചിന്തിക്കാത്തവന്‍ ഭാവനയുമില്ല.
ഭാവനയില്ലാത്തവന് ശാന്തിയില്ല. ശാന്തിയില്ലാത്തവന് സുഖം എവിടെ........
കാറ്റ് കപ്പലിനെ ഇളക്കി മറിക്കുന്നതു പോലെ , ഈ ദേഹത്തിലുള്ള ആത്മാവിനെ പല കാര്യങ്ങളിലുള്ള താത്പര്യങ്ങ‍ള്‍ ഇളക്കുന്നു. ചിന്തിക്കുന്ന രീതിയേയും, ഒരുവന്‍റെ ചിന്താ ശേഷിയേയും പിടിച്ചെടുക്കുന്നു.
അതിനാല്‍ സ്വന്തം കണ്ണ്, കാത്, നാക്ക്, മൂക്ക് തുടങ്ങിയ അവയവങ്ങളെ എപ്പോഴും പിടിച്ചു നിര്‍ത്തണം
അവയവങ്ങള്‍ വിഷയങ്ങളെ ആശ്രയിക്കുന്നു എന്നറിയുന്നവ‍ന്‍റെ ബുദ്ധി ഉറച്ചതാവുന്നു.
എല്ലാവര്‍ക്കും രാത്രിയാവുമ്പോ‍ള്‍ സ്വന്തം അവയവങ്ങളെ നിയന്ത്രിച്ചിരിക്കുന്നവന് പകലാണ്.
എല്ലാവരുടെയും പകല്‍ അവ‍ന്‍റെ രാത്രിയും
എപ്പോഴും നിറഞ്ഞിരിക്കുന്നതും ഇളകാത്തതും ആയ കടലില്‍ പിന്നെയും പിന്നെയും വെള്ളം വന്ന് നിറയുന്നതു പോലെ ആരിലാണോ വിഷയങ്ങ‍ള്‍ വന്നടിയുന്നത് അവന്‍ ശാന്തനാവുന്നു
അല്ലാതെ ആഗ്രഹങ്ങളേ ഇല്ലാത്തവനല്ല ശാന്തനാവുന്നത്
ആഗ്രഹങ്ങളെ അവയുടെ പാട്ടിനു വിട്ട് ഒന്നും തേടാതെ നടക്കുന്ന മനുഷ്യ‍ന്‍ ഞാനെന്ന ഭാവമോ എന്‍റേത് എന്ന ഭാവമോ ഇല്ലാതെ ശാന്തനാവുന്നു.
ഇതാണ് ഏറ്റവും ഉയര്‍ന്നതും, ദൈവീകവുമായ സ്ഥിതി.
ഇതിനെ അടഞ്ഞവന് മനസ്സിന്‍റെ യാതൊരു വിഷമവും ഉണ്ടാവില്ല.
ആയുസ്സ് അവസാനിക്കാറാവുമ്പോളെങ്കിലും ഈ സ്ഥിതിയിലെത്തിയവന് മാറ്റമില്ലാത്ത മോക്ഷാവസ്ഥയില്‍ എത്തിച്ചേരുന്നു.
-   ഇങ്ങനെ രണ്ടാം അദ്ധ്യായം കഴിഞ്ഞു  -






-പ്രവൃത്തിയിലൂടെ മോചനം അഥവാ കര്‍മ്മയോഗം –
- ദൈവ സന്ദേശം - മൂന്നാം അദ്ധ്യായം - 
അര്‍ജുന‍ന്‍ ചോദിക്കുന്നു –
സത്യത്തെക്കുറിച്ചുള്ള അറിവാണ് സത്പ്രവൃത്തിയേക്കാ‍ള്‍ വലുതെന്ന് നീ പറയുന്നു. പിന്നെ എന്തിനാണ് എന്നെ ഇത്തരം ഭയങ്കര യുദ്ധത്തിന് പ്രേരിപ്പിക്കുന്നത്.
നിന്‍റെ പലതരം വാക്കു കേട്ട് ഞാ‍ന്‍ ആകെ സംശയത്തിലാണ്. എനിക്ക് നല്ലത് ഏതാണെങ്കിലത് നിശ്ചയിച്ച് പറഞ്ഞു തരണം. അതിനാല്‍ എനിക്ക് ശ്രേയസ്സ് ഉണ്ടാവണം
ശ്രീ കൃഷ്ണ ഭഗവാന്‍ പറഞ്ഞു
ഞാന്‍ മുന്‍പു പറഞ്ഞ പോലെ ഇവിടെ മോചനത്തിനായുള്ള വഴി രണ്ടെണ്ണ മാണ്.
മനശ്ശുദ്ധി വന്നിട്ടുള്ളവര്‍ക്ക് സത്യത്തിന്‍റെ അറിവിലൂടെയും, മറ്റുള്ളവര്‍ക്ക് ആഗ്രഹങ്ങളൊഴിച്ചുള്ള പ്രവൃത്തിയിലൂടെയുമാണ് മോചനം
ക‍ര്‍മ്മ യോഗം എന്നത് ഒരു പ്രവൃത്തിയും ചെയ്യാതിരിക്കലല്ല, സന്ന്യാസം കൊണ്ടുമാത്രം അന്തിമമായ ലക്ഷ്യം കൈവരിക്കാനാവില്ല. കുറച്ചു നേരം പോലും ആരാലും വെറുതെ ഇരിക്കാനാവില്ല.
ജീവിക്കുന്നവരോരോരുത്തരും പ്രകൃതിയുടെ തള്ളല്‍ കാരണം ഓരോന്നു ചെയ്തുകൊണ്ടേ ഇരിക്കുന്നു.
പുറമേ ഉള്ള അവയവങ്ങളായ കണ്ണ് കാത് മുതലായവയെ അടക്കിയാലും മനസ്സ് അടക്കാതെ പലകാര്യങ്ങളും ആലോചിച്ചിരിക്കുന്നവനെ ഇല്ലാത്തതില്‍ മുഴുകുന്നവ‍ന്‍ എന്ന് പറയുന്നു.
ആരാണോ മനസ്സിനെ അടക്കി . പുറമേ ഉള്ള അവയവങ്ങളാല്‍ ഒന്നും ആഗ്രഹിക്കാതെ പ്രവൃത്തി ചെയ്യുന്നത് അവ‍ന്‍ വളരെ ഉയ‍ര്‍ന്നവനാകുന്നു.
ചെയ്യേണ്ട കാര്യങ്ങള്‍ നീ ചെയ്യുകതന്നെ വേണം അതിനാ‍ല്‍ ഒരിക്കലും മോശം വരില്ല.
നല്ല കാര്യങ്ങള്‍ക്കുവേണ്ടി പ്രവ‍ര്‍ത്തിക്കാം.മറിച്ചായാല്‍ അവയി‍ല്‍ പെട്ട് നട്ടം തിരിയും.അതിനാല്‍ നന്നായി ആലോചിച്ചു മാത്രം പ്രവ‍ര്‍ത്തിക്കുക.
ജീവജീലങ്ങളേയും അവയുടെ പ്രവ‍ര്‍ത്തികളേയും ഉണ്ടാക്കിയിട്ട് ദൈവം പറഞ്ഞു, ഈ പ്രവൃത്തിയാല്‍ പുതിയത് എന്താ വേണ്ടതെന്നാലത് ഉണ്ടാക്കി കൊള്ളുക.
(ദേവന്മാരും) ഉള്ളവരും (മനുഷ്യന്മാരും) ഇല്ലാത്തവരും പരസ്പരം സഹായിച്ച് നന്മയെ വളര്‍ത്തുക.
പ്രവൃത്തിയിലൂടെ ഇഷ്ടപ്പെട്ട സുഖങ്ങള്‍ ലഭിക്കുന്നു. അപ്പോള്‍ ആ പ്രവൃത്തിക്ക് സഹായികളായ പ്രപഞ്ചത്തിലെ വിവിധ ശക്തി സ്രോതസ്സുകളായ ദേവന്മാര്‍ക്ക് ഒരു പങ്ക് ന‍ല്‍കിയിട്ട് സ്വയം ഭക്ഷിക്കുക.
പ്രവൃത്തിക്കുള്ള നല്ല സാഹചര്യങ്ങളും സഹായവും ചെയ്ത അവര്‍ക്ക് ഒരു പങ്ക് ന‍ല്‍കാതെ ഭക്ഷിക്കുന്നവന്‍ കള്ളനാണ്.
മറ്റുള്ളവര്‍ക്ക് പങ്കുവച്ച് ബാക്കി ഉള്ളതിനെ സ്വീകരിക്കുന്നവ‍ന്‍ എല്ലാ അഴുക്കില്‍ നിന്നും മോചിപ്പിക്കപ്പെടുന്നു.
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കിന്നവന്‍ പാപത്തെയാണ് കഴിക്കുന്നത്.
ഈ പ്രപഞ്ചം എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടെ ഇരിക്കുന്നു. ആ പ്രവര്‍ത്തനത്തിന്‍റെ ഫലമായി മഴ ഉണ്ടാവുന്നു.മഴകാരണം ജീവികള്‍ക്കുള്ള ചോറ് ലഭ്യമാവുന്നു. ഇതേ പോലെ ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതാണ്.
ഈ പ്രപഞ്ചത്തിന്‍റെ സ്വഭാവത്തെ അനുകരിക്കാത്തവ‍ന്‍ ജീവിക്കുന്നത് വെറുതെയാണ്.
സ്വയം തൃപ്തിപ്പെട്ട് , സ്വയം സന്തോഷിച്ച് സന്തുഷ്ടനായവന് ഒന്നും ചെയ്യാനില്ല.
അവനിവിടെ ചെയ്യേണ്ടതായും ചെയ്യരുതാത്തതായും ഒന്നുമില്ല.
അവന് മറ്റുള്ള ജീവികളുമായി ഒരു ബന്ധവുമില്ല.
അതിനാല്‍ ഒന്നിലും ഒട്ടിച്ചേരാതെ ത‍ന്‍റെ പ്രവൃത്തികള്‍ ചെയ്യുക.
ജനകരാജാവ് മുതലായ ശ്രേഷ്ഠര്‍ ഇത്തരത്തിലുള്ള പ്രവൃത്തിയിലൂടെയാണ് മോചനം നേടിയിട്ടുള്ളത്.
ജനങ്ങളുടെ നല്ലതിനു വേണ്ടിയുള്ള പ്രവൃത്തികള്‍ ഒഴിവാക്കരുത്. ചെയ്യുകതന്നെ വേണം.
സമൂഹത്തില്‍ ഉയര്‍ന്ന തലത്തിലുള്ളവ‍ര്‍ എന്താണോ ‍‍ചെയ്യുന്നത് അതിനെ മറ്റുള്ള ജനത അനുകരിക്കുന്നു.
അവര്‍ എന്തൊക്കെ ശരിയാണെന്നു പറയുന്നുവോ , അതിനെ മറ്റുള്ളവര്‍ സ്വീകരിക്കുന്നു.
അര്‍ജുനാ എനിക്ക് മുന്‍പും ഇപ്പോഴും, ഇനിയും ഒന്നും ചെയ്യേണ്ടതായിട്ടില്ല. ലഭിക്കേണ്ടതായിട്ടും ഒന്നുമില്ല. ലഭിച്ചതായിട്ടും ഒന്നുമില്ല.എന്നാലും ഞാന്‍ പ്രവ‍ര്‍ത്തിക്കുന്നു.
ഇനി ഞാന്‍ പ്രവ‍ര്‍ത്തിക്കുന്നില്ലാ എന്നാലോ, എന്നെ മാതൃകയാക്കി ഒരാളും പ്രവര്‍ത്തിക്കില്ല.
ഞാന്‍ ഒന്നും ചെയ്തില്ലെങ്കി‍ല്‍ ഈ ജനത തങ്ങളുടെ ആചാരങ്ങ‍ള്‍ വിട്ട് ജീവിക്കും
അറിവില്ലാത്തവരുടെ ഇടയില്‍ കഴിയുന്ന അറിവുള്ളവ‍ര്‍ അവരുടെ നന്മയ്ക്കായി അവ‍ര്‍ക്കിടയില്‍ പ്രവ‍ര്‍ത്തിക്കണം. വളരെ പതുക്കെ അവരിലൊരാളായി അവരറിയാതെ അവരെ നന്നാക്കണം. പെട്ടെന്ന് മാറ്റങ്ങള്‍ വരുത്താ‍ന്‍ ശ്രമിക്കരുത്.
മറ്റുള്ളവരുടെ സത്പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കണം.
പ്രകൃതിയാണ് പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍ അറിവില്ലാത്തവ‍ര്‍ അവനവന്‍ ചെയ്യുന്നതായി വിചാരിക്കുന്നു.
അറിവുള്ളവനാകട്ടെ പ്രവൃത്തികളുടെ പിന്നില്‍ പ്രകൃതിയുടെ ചോദനയാണ് എന്നറിയുന്നു.
പ്രകൃതിയുടെ ചോദനയെ പ്പറ്റി അറിയാതെ സാധാരണക്കാ‍ര്‍ പ്രവൃത്തികളില്‍ മുഴുകുന്നു.
എന്നാല്‍ അറിവുള്ളവ‍ര്‍ അത്തരക്കാരെ ബലമായി പ്രവൃത്തിയി‍ല്‍ നിന്നും അകറ്റന്‍ ശ്രമിക്കരുത്.
എന്നില്‍ എല്ലാ പ്രവ‍ര്‍ത്തനങ്ങളേയും സമര്‍പ്പിച്ച് സ്വന്തം അറിവെന്ന പ്രകാശം കൊണ്ട്, കാര്യങ്ങളിലുള്ള ആശയും , എന്‍റേത് എന്ന വിചാരവും ഭയവും വിട്ടുമാറി നീ നിന്‍റെ പ്രവൃത്തി ചെയ്യുക.
എന്‍റെ ഈ ഉപദേശം എല്ലായ്പോഴും അനുസരിക്കുന്നവ‍ന്‍ വളരെ ശ്രദ്ധയുള്ളവനും അസൂയ ഇല്ലാത്തവനുമായി മാറി മോചനം അടയുന്നു.
ഇനി ചിലരാകട്ടെ എന്‍റെ ഉപദേശത്തെ കുറ്റം പറഞ്ഞ് അനുസരിക്കാതെ ഇരിക്കുന്നുവോ , അവര്‍ പ്രകാശം ഇല്ലാത്തവരായി ഒന്നിനും കൊള്ളാത്തവരാവുന്നു.
അറിവുള്ളവര്‍ പോലും സ്വന്തം ഇഷ്ടങ്ങ‍ള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
വീണ്ടും വീണ്ടും തോന്നുന്ന ഇഷ്ടങ്ങളും , ഇഷ്ടക്കേടുകളും , അവയുടെ അവയവങ്ങള്‍ക്കുവേണ്ടിയാണ് നില നില്‍ക്കുന്നത്. എന്നാലവയുടെ പിടിയില്‍ പെടരുത്.ഇവര്‍ (ഈ ഇഷ്ടവും ഇഷ്ടക്കേടും) എപ്പോഴും ഒപ്പം ഇരിക്കുന്നവരുമാണ്.

സ്വന്തം ബുദ്ധിക്കും മനോഭാവത്തിനുമിണങ്ങുന്ന പ്രവൃത്തിയും വിശ്വാസവുമാണ് ഒരുവന് നല്ലത്.
മറ്റുള്ളവരുടെ പ്രവ‍ര്‍ത്തിയും വിശ്വാസവും തനിക്കിണങ്ങുന്നതല്ലാത്തവയാണെങ്കി‍ല്‍ പകര്‍ത്തുന്നത് നല്ലതല്ല.

അര്‍ജുന‍ന്‍ ചോദിക്കുന്നു
ആഗ്രഹമില്ലെങ്കിലും ഏതോ ബലത്താലെന്ന പോലെ ഞാ‍ന്‍ തെറ്റുക‍ള്‍ ചെയ്തു പോകുന്നു. എന്തു ചെയ്താലാണ് പാപം ഇല്ലാതാവുക.
ശ്രീ കൃഷ്ണ ഭഗവാന്‍ പറയുന്നു
അതിയായ ഇഷ്ടവും അതേപോലെ അതികമായ ഇഷ്ടക്കേടും ശരീരത്തിനുള്ളിലെ രജസ്സ് എന്ന സ്രോതസ്സില്‍ നിന്നും ഉണ്ടാവുന്നവയാണ്. ഇവ രണ്ടിനെയും ശത്രുക്കളെ പ്പോലെ കരുതണം
തീയ്ക്ക് പുക ഉള്ളതുപോലെ ആചരിക്കുന്ന തത്വങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ കുറവുകളുമുണ്ടാവും.
അറിവ് അറിവില്ലായ്മയാല്‍ വളയപ്പെട്ടിരിക്കുന്നു.
അതിയായ ഇഷ്ടത്താലും അതികമായ ഇഷ്ടമില്ലായ്മയാലും അറിവ് തടയപ്പെട്ടിരിക്കുന്നു.
അവയവങ്ങളും, മനസ്സും, ബുദ്ധിയും ഇവയുടെ താമസസ്ഥലങ്ങളാണ്. ഇവ അറിവിനെ മറിച്ച് ജീവനെ കഷ്ടപ്പെടുത്തുന്നു.
അതിനാല്‍ , അറിവുണ്ടാവണമെന്നുള്ള നീ, നിന്‍റെ അവയവങ്ങളെ ആദ്യം നിയന്ത്രിക്കുക.
എന്നിട്ട് സത്യ വസ്തുതകളെ മറയ്ക്കുന്ന , നശിപ്പിക്കുന്ന, ഈ പാപത്തെ നശിപ്പിക്കുക
ശരീരാവയവങ്ങളി‍ല്‍ അറിവിനെ ഉള്ളിലേക്കും പുറത്തേക്കും കടത്തിവിടുന്ന അവയവങ്ങളായ കണ്ണ് മുതലായവ ശക്തികൂടിയവയാണ്. അവയിലുമധികം ശക്തി മനസ്സിനാണ്. മനസ്സിനേക്കാള്‍ ബുദ്ധിക്കാണ് ബലമധികം.ബുദ്ധിയിലുമധികം ശക്തിയേറിയത് ആത്മബോധത്തിനാണ്.
ഇങ്ങനെ ബുദ്ധിയേക്കാള്‍ ബലമേറിയ സ്വന്തം ആത്മാവിനെ സ്വയം അറിഞ്ഞിട്ട് , അതിയായ ഇഷ്ടത്തിന്‍റെ രൂപത്തിലുള്ളതും അടക്കാ‍ന്‍ കഠിനമായതുമായ ശത്രുവിനെ കൊല്ലണം. സ്വയം നിയന്ത്രിച്ച് കൊല്ലണം.
-   ഓം - ഇങ്ങനെ എറ്റവും ആവശ്യമുള്ള പ്രവൃത്തിയുടെയും അതിലൂടെയുള്ള മോചനത്തിനെയും പ്രതിപാദിക്കുന്ന മൂന്നാം അദ്ധ്യായം അവസാനിച്ചു. ഓം –








-   അറിവിന്‍റെയും പ്രവൃത്തിയുടെയും ഉപേക്ഷിക്കലി‍ന്‍റെയും അദ്ധ്യായം –
ശ്രീ കൃഷ്ണ ഭഗവാന്‍ പറയുന്നു

ഞാനീപ്പറഞ്ഞ കാര്യം മു‍ന്‍പ് ആദ്യമായി വിവസ്വാ‍ന്‍ എന്നയാ‍ള്‍ക്ക് പഠിപ്പിച്ചതാണ്. അയാള്‍ മനുവിന് പഠിപ്പിച്ചു. മനുവാകട്ടെ ഇക്ഷ്വാകു എന്നയാള്‍ക്ക് പറഞ്ഞുകൊടുത്തു.
ഇങ്ങനെ തലമുറകളായി കൈമാറി വന്നിരുന്ന ഈ അറിവ് ഋഷിമാരെ പ്പോലെ ജീവിതം നയിച്ചിരുന്ന രാജാക്കന്മാ‍‍ര്‍ക്കറിയാമായിരുന്നു. എന്നാ‍ല്‍ പിന്നീട് കാലം മാറിയതനുസരിച്ച് കഠിനപ്രയത്നം നടത്താത്ത തലമുറകളിലൂടെ ആ അറിവ് നഷ്ടമായി.
അതേ പാഠം നിനക്കിന്നു ഞാന്‍ പറഞ്ഞുതരാം
എന്‍റെ ചങ്ങാതിയും ഏറ്റവും അടുത്തവനുമായതിനാലാണ് ഞാനത് നിനക്ക് പറഞ്ഞുതരുന്നത്.
-   അര്‍ജുന‍ന്‍‍ ചോദിക്കുന്നു-
നീ ഇക്കാലത്ത് ജീവിക്കുന്നവനാണ്. വിവസ്വാന്‍ മുതായവ‍രാകട്ടെ പണ്ട് ജീവിച്ചിരുന്നവരും. നീ അവര്‍ക്ക് പഠിപ്പിച്ചു എന്നതെങ്ങനെയാണ് ഞാ‍ന്‍ വിശ്വസിക്കുക.
അതെങ്ങനെ സാധിച്ചു.
      ശ്രീ കൃഷ്ണഭഗവാ‍ന്‍ മറുപടി പറയുന്നു
ഞാനും നീയുമെല്ലാം വളരെ ജന്മങ്ങള്‍ താണ്ടി വന്നവരാണ്. അവയെ ഞാന്‍ അറിയുന്നു. നീ അറിയുന്നില്ല.
ഞാന്‍ ജനിക്കാത്തവനും എല്ലാവരുടെയും ദൈവവുമാണ്. എന്‍റെ സ്വന്തം ഭാഗമായ പ്രപഞ്ചത്തി‍‍ല്‍ സ്വന്തം കഴിവിനാ‍‍‍ല്‍ ഞാ‍‍ന്‍ ജനിക്കുന്നു.
എപ്പോളൊക്കെ പ്രപഞ്ചത്തില്‍ നല്ല പെരുമാറ്റത്തിനും ജീവിതത്തിനും കുറവ് വരുന്നുവോ, അധര്‍മ്മത്തിന് ഉയര്‍ച്ച സംഭവിക്കുന്നുവോ അപ്പോള്‍ ഞാ‍ന്‍ ജനിക്കുന്നു (അവതരിക്കുന്നു).
നല്ലവരുടെ രക്ഷിക്കുന്നതിനായിട്ടും കുറ്റം ചെയ്യുന്നവരുടെ വിനാശത്തിനായിട്ടും, നല്ലതിനെ വീണ്ടും സ്ഥാപിക്കാനായിട്ടും വീണ്ടും വീണ്ടും ഞാന്‍ ജനിക്കുന്നു.
ദൈവത്തിന്‍റെ ജനനവും പ്രവൃത്തികളും ദിവ്യമായതാണെന്ന് മനസ്സിലാക്കുന്നവന്‍ ശരീരം ത്യജിച്ചിട്ട് വീണ്ടും ജനിക്കുന്നില്ല.
എന്നെ ആശ്രയിക്കുന്നവര്‍ അറിവുള്ളവരാവുന്നു. അവര്‍ പേടി, കോപം, അതിയായ വീണ്ടും വീണ്ടും ഉണ്ടാവുന്ന ഇഷ്ടം ഇവ മാറി, പരിശുദ്ധരായിട്ട് എന്നെ പ്പോലെ ആയിത്തീരുന്നു.
ഒരുവന്‍ എന്നെ ഏതുവിധത്തി‍‍ല്‍ പെരുമാറുന്നുവോ അവനോട് അതിനു തക്കതായ വിധത്തി‍‍ല്‍ ആണ് ഞാ‍ന്‍ പെരുമാറുന്നത്.
എന്‍റെ രീതിക‍ള്‍ തന്നെയാണ് എന്നും മനുഷ്യന് മാതൃക.
പ്രവൃത്തിയുടെ ലക്ഷ്യം നേടാനായി എന്‍റെ ഒരോ ശക്തികളെ മനുഷ്യ‍ന്‍ ആശ്രയിക്കുന്നു. അവര്‍ക്ക് അതിനാ‍‍ല്‍ ആ ലക്ഷ്യങ്ങ‍ള്‍ നേടാ‍‍ന്‍ കഴിയുന്നു.
അവനവന്‍റെ സ്വഭാവത്തിനും , അറിവിനും , കഴിവിനുമനുസരിച്ചാണ് അവന്‍റെ തൊഴി‍ല്‍ എന്തെന്ന് കണക്കാക്കുന്നത്. ചെയ്യുന്ന തൊഴിലിനനുസരിച്ച് ജനങ്ങള്‍ തരം തിരിക്കപ്പെടുന്നു.
ഇത് ദൈവം നേരിട്ട് നടത്തുന്നതല്ല. പക്ഷേ സ്വഭാവങ്ങളും കഴിവും ദൈവത്തല്‍ നിന്നും ലഭിക്കുന്നതിനാ‍‍ല്‍ ദൈവമാണ് തൊഴിലി‍നും  അതനുസരിച്ചുള്ള സമൂഹത്തി‍ന്‍റെ നി‍ര്‍മ്മാണത്തിനും ആദി കാരണം.
എന്നെ ഒരു പ്രവൃത്തിയും ബാധിക്കുന്നില്ല. എനിക്ക് പ്രവൃത്തിയുടെ ഫലത്തില്‍ ഒരു ആഗ്രഹവുമില്ല.
പണ്ടും മോചനത്തിനായി ഒരുങ്ങിയവര്‍ ഇതറിഞ്ഞവരാണ്.
അതിനാ‍ല്‍ പണ്ട് ജീവിച്ചിരുന്നവ‍ര്‍ മോചനത്തിനായി അനുഷ്ഠിച്ച ജീവിത രീതി നീയും ജീവിതത്തി‍ല്‍ പകര്‍ത്തുക
അറിവുള്ളവര്‍ പോലും എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും സംശയിച്ചുപോകുന്നു.
ഞാന്‍‍ നിനക്ക് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാം അതറിഞ്ഞാ‍‍ല്‍ നിനക്ക് എളുപ്പം മോചനം ലഭിക്കും
പ്രവൃത്തകളെ ക്കുറിച്ച് വളരെ ഏറെ മനസ്സിലാക്കാനുണ്ട്.
ആഗ്രഹങ്ങളും , പ്രത്യേക ഉദ്ദേശ്യങ്ങളും വിട്ടുമാറി, അറിവിനാ‍‍ല്‍  പറിശുദ്ധമാക്കപ്പെട്ട പ്രവൃത്തിയോടുകൂടിയവന്‍ പണ്ഡിത‍ന്‍ എന്ന് ഞാന്‍ വിളിക്കുന്നു
പ്രവൃത്തിയുടെ ലക്ഷ്യഫലത്തിലുള്ള ബന്ധനം ഒഴിവാക്കിയ അവന്‍ എല്ലായ്പ്പോഴും സംതൃപ്തനും ഒരു ആശ്രയവും വേണ്ടാത്തവനും ആയവന്‍ പ്രവൃത്തിക‍ള്‍ ചെയ്യുന്നവനാണെങ്കിലും ചെയ്യാത്തവനെ പ്പോലെയാണ്.
എല്ലാത്തലുമുള്ള എന്‍റേതെന്നും എനിക്കിതുതന്നെ വേണമെന്നുമുള്ള തോന്നല്‍ വിട്ടുമാറിയ ഒരു വ്യക്തി ശാരീരീകമായി പ്രവൃത്തിക‍ള്‍ ചെയ്യുന്നവനാണെങ്കിലും ഒരു പാപവും അവനെ ബാധിക്കുന്നില്ല.
കോപം, ഇഷ്ടം മുതലായ തോന്നലുകള്‍ അകന്ന് ആരോടും മത്സരിക്കാതെ യാദൃശ്ചികമായി ലഭിക്കുന്നതില്‍ സന്തേഷിച്ച് ജീവിക്കുന്നവന്‍ ഒരു പാപത്താലും ബന്ധിക്കപ്പെടുന്നില്ല.
അറിവുള്ളവനും, വിവിധ താത്പര്യങ്ങളിലുള്ള ഇഷ്ടവും ഇഷ്ടക്കേടും മാറിയവനും ആയവന്‍ നല്ലതിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അവനെ ബാധിക്കുന്നില്ല.
എല്ലാത്തിനെയും ദൈവത്തിലര്‍പ്പിച്ച്, ദൈവമാകുന്ന തീയില്‍ ദൈവത്തിനുവേണ്ടി ഹോമിക്കുന്നതായി പ്രവൃത്തിയെ കാണുന്നവന്‍ ദൈവത്തിലേക്കുതന്നെ പോകുന്നു.
യോഗികള്‍ ഇത്തരത്തിലാണ് ജീവിതം നയിക്കുന്നത്.
മറ്റു ചില‍ര്‍ ജീവിതം നയിക്കുന്നത് എല്ലാം ദൈവത്തിന്‍റെ ഭാഗങ്ങളായി കണ്ടുകൊണ്ടാണ്.
ചില‍രാകട്ടെ സംയമനം എന്ന തീയില്‍ ആഗ്രഹങ്ങളെ ഹോമിക്കുന്നു.
മറ്റു ചില‍ര്‍ എല്ലാ വിചാരങ്ങളേയും , പ്രവൃത്തികളെയും സ്വയം നിയന്ത്രിക്കല്‍ എന്ന തീയി‍ല്‍ ഹോമിക്കുന്നു.
ചിലര്‍ തങ്ങളുടെ പക്കലുള്ള വസ്തു പണം എന്നിവയെ അത‍ര്‍ഹതയുള്ളവരുമായി പങ്കുവയ്ക്കുന്നു.
ചിലര്‍ കഠിനപ്രവൃത്തിയിലൂടെ ജനജീവിതം സുഗമമാക്കുന്നു.
ചിലര്‍ സത്യം പ്രചരിപ്പിച്ച് , നല്ല ജീവിതം നയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
അറിഞ്ഞതിനെ വീണ്ടും ഓ‍ര്‍മ്മിക്കലും അവയെ മറ്റുള്ളവരെ ഓ‍ര്‍മ്മിപ്പിക്കലും ഉറപ്പിക്കലും ചെയ്യുന്നു ചിലര്‍.
അറിവ് മറ്റുള്ളവര്‍ക്ക് പകരുക എന്നത് ഒരു ഉത്തമ പ്രവൃത്തിയാണ്.
ചിലര്‍ ശാരീരീകമായ പ്രാണായാമം തുടങ്ങിയ ക്രിയകളിലൂടെ മോചനം നേടുന്നു.
ചിലര്‍ ഉപവാസം, വ്രതം തുടങ്ങി ആഹാരനിയന്ത്രണങ്ങളിലൂടെ മോചനം നേടുന്നു.
ഇങ്ങനെ ഉള്ളവരെല്ലാവരും അവരവരുടെ പാപങ്ങള്‍ നീങ്ങിയവരാണ്.
പരിശുദ്ധരാണ്.
ഇങ്ങനെ സത്പ്രവൃത്തികള്‍ ചെയ്ത് ജീവിക്കുന്നവ‍ര്‍ എല്ലാത്തിനും കാരണമായ ദൈവത്തിലെത്തിച്ചേരുന്നു.
നല്ല പ്രവൃത്തികള്‍ ചെയ്യാത്തവന്‍ ഈ ലോകത്തി‍‍ല്‍ നല്ല സ്ഥാനമില്ല. പരലോകത്തിലുമില്ല.
ഇങ്ങനെ ഓരോരുത്തര്‍ക്ക് യോജിക്കുന്നവിധത്തിലുള്ള, മോചനത്തിനായുള്ള പ്രവൃത്തികള്‍ ഞാ‍ന്‍ പറഞ്ഞു തന്നു.
വസ്തുക്കളെ വിതരണം ചെയ്യുന്നതിനേക്കാള്‍ , അറിവിനെ പകര്‍ത്തുന്നതാണ് കൂടുത‍ല്‍ നല്ലത്.
എല്ലാ പ്രവൃത്തിയും സത്യത്തിന്‍റെ അറിവി‍‍ല്‍ അവസാനിക്കുന്നു.
താഴ്മയോടെ അപേക്ഷിച്ചാലും, സേവനം ചെയ്താലും അറിവുള്ളവര്‍ അത് പറഞ്ഞുതരും
അങ്ങനെ അറിവിനെ ഉണ്ടാക്കുന്നവന്‍ പിന്നീട് ജനിക്കുന്നില്ല.
ആ അറിവിനാല്‍ വേണ്ടതൊക്കെ കാണാ‍‍ന്‍ കഴിയുന്നതാണ്.
ഇനി ഏതെങ്കിലുമൊരുവന്‍ വളരെ പാപിയായിരുന്നാലും , ഇങ്ങനെ യുള്ള സത്പ്രവൃത്തികള്‍ ചെയ്ത് പരിശുദ്ധനാവാം
തീയില്‍ മരക്കഷണങ്ങ‍ള്‍ കത്തി തീരുന്നതുപോലെ സത്പ്രവൃത്തികളുടെ ഫലമായുണ്ടാവുന്ന അറിവില്‍ എല്ലാ പാപങ്ങളും കത്തിത്തീരുന്നു.
അറിവിന് തുല്യം പരിശുദ്ധമായത് എതും ഇല്ല.
ആ അറിവ് സത്പ്രവൃത്തിയിലൂടെ കുറേ കാലം കൊണ്ട് എത്തിച്ചേരുന്നു.
ശ്രദ്ധയോടെ ശ്രമിക്കുന്നവന് അറിവ് ലഭിക്കുന്നു
അവന്‍ തന്‍റെ അവയവങ്ങളെ വേണ്ട പോലെ നിയന്ത്രിക്കുകയും വേണം
അറിവ് ലഭിച്ചാല്‍ അന്തിമമായ ശാന്തിയെ വളരെ വൈകാതെ നേടുന്നു.
അറിവില്ലാത്തവരും, ശ്രദ്ധപതിപ്പിക്കാത്തവരും, സംശയിക്കുന്നവരും നശിച്ചു പോകുന്നു.
അവര്‍ക്ക് ഈ ലോകമോ പരലോകമോ ഇല്ല. അവര്‍ക്ക് സുഖവും ലഭിക്കുന്നില്ല.
യോഗം കൊണ്ട് പ്രവൃത്തിയെ ഒഴിഞ്ഞവനും, അറിവിനാല്‍ സംശയങ്ങള്‍ ഇല്ലാതായവനും, തന്നത്താന്‍ മനസ്സിലാക്കിയവനുമായവ‍നെ ഒരു പ്രവൃത്തിക്കും പിടിച്ചിടാ‍ന്‍ കഴിയില്ല അര്‍ജുനാ.
അതിനാല്‍ അറിവില്ലായ്മയി‍‍ല്‍ നിന്നും ഉളവാകുന്ന ഇത്തരം പല സംശയങ്ങളെ നെഞ്ചിലുള്ള അറിവാകുന്ന വാളാല്‍ വെട്ടിമാറ്റി ഉയരുക...ഉയരുക.....
-   ഇങ്ങനെ നാലാം അദ്ധ്യായം അവസാനിച്ചു-


           

   






-അഞ്ചാം അദ്ധ്യായം-
അ‍ര്‍ജുന‍ന്‍ ചോദിക്കുന്നു
കൃഷ്ണാ, നീയിതുവരെ, എല്ലാം വിട്ടൊഴിയുന്നതിനെ ക്കുറിച്ചും (ഉപേക്ഷിക്കുക,സംന്യാസം), ഒന്നിലും പ്രത്യേകമായ ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ലാതെ പ്രവ‍ര്‍ത്തിക്കുന്നതിനെക്കുറിച്ചും പറയുന്നു. ഇതി‍‍ല്‍ നല്ലതേത് എന്ന് ഒന്നുകൂടി വ്യക്തമാക്കാമോ?
ശ്രീ കൃഷ്ണ ഭഗവാ‍‍ന്‍ പറയുന്നു
ക‍ര്‍മ്മയോഗവും  സംന്യാസവും, ഇവ രണ്ടും ശ്രേയസ്സ് ഉണ്ടാക്കുന്നവയാണ്. എന്നാലിവയി‍‍‍ല്‍ പ്രവൃത്തിയി‍‍‍ല്‍ നിന്നും വിട്ടൊഴിയുന്നതിനേക്കാളും കൂടുത‍ല്‍‍ നന്ന്, ഒന്നിലും പ്രത്യേക അടുപ്പമില്ലാതെ പ്രവ‍ര്‍ത്തിക്കുന്നതാണ് (ക‍ര്‍മ്മയോഗമാണ് നല്ലത്).
ആരാണോ ഒന്നും പ്രത്യേകം ആഗ്രഹിക്കാതെയും ഒന്നിനെയും പ്രത്യേകം വെറുക്കാതെയും ഇരിക്കുന്നത്, അവ‍ന്‍റെ മനസ്സ് കെട്ടുപാടുകളി‍‍‍ല്‍ നിന്നും മോചിക്കപ്പെടുന്നു.
എല്ലാം വിട്ടൊഴിയുക എന്ന സംന്യാസവും, ഒന്നിലും പ്രത്യേകതയില്ലാതെ പ്രവ‍ര്‍ത്തിക്കുക എന്ന ക‍ര്‍മ്മയോഗവും രണ്ട് രീതികളാണെന്നത് അവയെക്കുറിച്ച് അറിവില്ലാത്തവ‍രുടെ അഭിപ്രായമാണ്.അല്ലാതെ അറിവുള്ളവരങ്ങനെ പറയില്ല.
ഇവയി‍‍ല്‍ ഒരു രീതിയെങ്കിലും ശരിക്ക് പഠിച്ചാ‍‍‍ല്‍ മറ്റേത് തനിയെ അറിയുമാറാകും.
എല്ലാം വിട്ടൊഴിഞ്ഞാ‍‍ല്‍ (ഉപേക്ഷിച്ചാ‍‍ല്‍, സംന്യാസത്താ‍‍ല്‍) ലഭിക്കുന്ന അതേ അനുഭവമാണ് ഒന്നിലും പ്രത്യേക ചേ‍ര്‍ച്ചയില്ലാതെ പ്രവ‍ര്‍ത്തിച്ചാലും ലഭിക്കുക.
സാംഖ്യരീതി (വിട്ടൊഴിയ‍ല്‍‍ അല്ലെങ്കി‍‍ല്‍ സംന്യാസം), ക‍ര്‍മ്മ‍യോഗം (ഇഷ്ടാനിഷ്ടങ്ങളൊഴിഞ്ഞുള്ള പ്രവ‍ര്‍ത്തനം) ഇവ ഒന്നു തന്നെ എന്നറിയുന്നവ‍ന്‍‍ എല്ലാം അറിയുന്നു.
യോഗം ചെയ്യാനറിയാത്ത വ്യക്തി സംന്യസിക്കുന്നത് (വിട്ടൊഴിയാ‍‍ന്‍ തുനിയുന്നത്) മനസ്സി‍ന്‍റെ വിഷമത്തിനിടയാകും.
യോഗം ചെയ്ത് സംന്യസിക്കുന്നയാ‍ളാണ് ബ്രഹ്മത്തെ വേഗം അറിയുന്നത്.
യോഗത്താ‍‍ല്‍ പരിശുദ്ധനായി, അവയവങ്ങളെ നിയന്ത്രിക്കുന്നതി‍‍‍ല്‍ ജയിച്ച് എല്ലാ ജീവജാലങ്ങളുടെയും ഉള്ളി‍‍‍ല്‍ താ‍‍ന്‍ തന്നെയാണെന്നറിയുന്നവ‍ന്‍‍ പ്രവൃത്തി ചെയ്താലും അതി‍‍‍ല്‍ ഒട്ടിച്ചേരുന്നില്ല.
സത്യത്തെ അറിഞ്ഞവ‍ന്‍ ഉറച്ച മനസ്സോടുകൂടിയവനാണ്.
കാണുകയും, കേ‍ള്‍ക്കുകയും, തൊടുകയും, മണക്കുകയും, ആഹാരം കഴിക്കുകയും, നടക്കുകയും, സ്വപ്നം കാണുകയും ശ്വസിക്കുകയും ചെയ്തിട്ടും ഞാനൊന്നും ചെയ്യുന്നില്ലാ എന്ന് അറിയുന്നവനും കൂടിയാണ് സത്യത്തെ അറിഞ്ഞവ‍ന്‍.
കരയുകയും, വിസ‍ര്‍ജ്ജിക്കുകയും, പിടിക്കുകയും, ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ഒക്കെ ചെയ്യുന്ന അവയവങ്ങ‍ള്‍‍ അവയുടെ പ്രവ‍ര്‍ത്തനങ്ങളിലിടപെടുന്നു (അതി‍‍ല്‍ മാത്രമേ അവ ഇടപെടുന്നുള്ളൂ എന്നതാണ് ശരിയായ വസ്തുത) എന്ന സത്യം ശരിക്കും ഉറപ്പിക്കണം.
ഒട്ടിച്ചേരലില്ലാതെ പ്രവ‍ര്‍ത്തിക്കുകയും ആ പ്രവ‍ര്‍ത്തികളെ ബ്രഹ്മത്തി‍‍‍ല്‍  സമ‍ര്‍പ്പിക്കുകയും ചെയ്യുന്നവ‍നെ‍ പാപം ബാധിക്കുന്നില്ല.
താമരയിതളി‍‍ല്‍‍ വീണ വെള്ളത്തെ പ്പോലെയത് ഒഴിഞ്ഞു പോകുന്നു.
യോഗിക‍ള്‍‍ തങ്ങളുടെ ശരീരമോ മനസ്സോ പ്രവൃത്തിയി‍‍‍ല്‍‍ ഒട്ടിച്ചേരാതെ സ്വന്തം പരിശുദ്ധിക്കായി മാത്രം കേവലം അവയവങ്ങളാ‍‍ല്‍ ജോലി ചെയ്യുന്നു.
അറിവുള്ളവനാകട്ടെ പ്രവൃത്തിയുടെ ഫലം ഉപേക്ഷിച്ച് നാശമില്ലാത്ത ശാന്തിയെ കൈവരിക്കുന്നു.
അറിവില്ലാത്തവ‍ന്‍‍ പ്രവൃത്തിയുടെ പ്രയോജനത്തി‍‍ല്‍ മാത്രം താത്പര്യപ്പെട്ടുകൊണ്ട് ആഗ്രഹങ്ങളി‍‍‍‍ല്‍ ഒട്ടിച്ചേരുകയും അവയാ‍‍ല്‍‍ ബന്ധിക്കപ്പെടുകയും ചെയ്യുന്നു.
ഈ ശരീരം ഒ‍ന്‍പതു വാതിലുകളുള്ള ഒരു വീടാണ്. അങ്ങനെയുള്ളതായ ഈ വീട്ടി‍‍ല്‍ ഒന്നും ചെയ്യാതെയും ചെയ്യിക്കാതെയും ഇരിക്കുന്നവനെപ്പോലെ എല്ലാ പ്രവൃത്തികളെയും മനസ്സിനാ‍‍ല്‍ ത്യജിക്കുന്നവ‍ന്‍‍ യഥാ‍ര്‍ത്ഥ സുഖം നേടുന്നു.
ഒരാ‍ള്‍ക്കും പ്രത്യേകിച്ച് ഒരു പ്രവൃത്തിയും ദൈവം എ‍ല്‍പിച്ചിട്ടില്ല‍. പിന്നെയോ, അതെല്ലാം അവനവ‍ന്‍‍ തിരഞ്ഞെടുക്കുന്നതാണ്.
ദൈവം ആ‍ര്‍ക്കും പുണ്യമോ പാപമോ കൊടുക്കുന്നില്ല.
അറിവ് അറിവില്ലായ്മയാ‍‍ല്‍ മൂടപ്പെട്ടിരിക്കുന്നു. അതിനാ‍‍ലാണ് ജീവജാലങ്ങ‍ള്‍ക്ക് എളുപ്പം അറിവ് ലഭിക്കാത്തത്.
ആരാണോ തനിക്കുള്ള അറിവിനാ‍‍ല്‍ വലിയ അറിവില്ലായ്മയെ നശിപ്പിക്കുന്നത് അവ‍ര്‍ക്ക് സൂര്യനെപ്പോലെ അറിവ് പ്രകാശിക്കുന്നു.
അങ്ങനെ ഒരിക്ക‍ല്‍ പ്രകാശിച്ച അറിവിനെ വീണ്ടും വീണ്ടും ചിന്തിച്ചുറപ്പിക്കുനവ‍ര്‍, അതേ നിലയി‍‍‍ല്‍‍‍ തുടരുകയും അതേ ബുദ്ധിയിലുറച്ചവരുമായിട്ട് അവസാനം മോചിക്കപ്പെടുന്നു.
അവ‍ര്‍‍ പിന്നെ തിരിച്ചു വരുന്നില്ല.
എന്തെന്നാ‍‍‍ല്‍ അവരുടെ കരടുക‍ള്‍ അറിവിനാ‍‍‍ല്‍ കഴുകപ്പെട്ടിരിക്കുന്നു.
അറിവുള്ള ഒരുത്ത‍ന്‍‍ തന്നേപ്പോലെ മറ്റ് അറിവുള്ളവരിലും, വിനയമുള്ളവരിലും, തത്വജ്ഞാനികളിലും, മാത്രമല്ല ഒട്ടും അറിവില്ലാത്തവനിലും, ആന , നായ മുതലായ മൃഗങ്ങളിലും, മൃഗങ്ങളെ ഭക്ഷിക്കുന്നവരില്‍ പോലും തുല്യത കാണുന്നു.
അങ്ങനെ ഉള്ളവ‍ര്‍ ഇവിടെ ത്തന്നെ ജന്മങ്ങളെ ഉപേക്ഷിച്ചവരാണ്. അവരുടെ മനസ്സ് ഉറച്ചതും, ബ്രഹ്മത്തെ പ്പോലെ ദോഷം ഇല്ലാത്തതുമാണ്. അതിനാ‍‍ല്‍ അവരെപ്പോഴും ദൈവത്തി‍‍ല്‍ (ബ്രഹ്മത്തി‍ല്‍) സ്ഥിതി ചെയ്യുന്നു.
പുറത്തുള്ള വിഷയങ്ങളി‍‍ല്‍ താത്പര്യമില്ലാതവനായാ‍‍ല്‍ സ്വയം എത്രയോ ആനന്ദമുണ്ടാവും, ബ്രഹ്മവുമായി കൂടിച്ചേ‍ര്‍ന്നിരിക്കുന്നവ‍ന്‍ ആ ആനന്ദം ഒരിക്കലും നശിക്കുന്നില്ല.
ഈ സ്പ‍ര്‍ശനാദി (തൊടുക, കാണുക, മണക്കുക, രുചിക്കുക, കേ‍ള്‍ക്കുക ഇത്യാദി) സുഖ‍ങ്ങ‍ള്‍‍ ദുഃഖത്തി‍ന്‍റെ തുടക്കസ്ഥാനമാണ്.
ഇത്തരം അനുഭവങ്ങളുടെ തുടക്കവും അവസാനവും ദുഃഖമാണ്.
ബുദ്ധിയുള്ളവരതി‍‍ല്‍ സന്തോഷിക്കാറില്ല.
ഉപവാസ വ്രതങ്ങളാ‍‍ല്‍ ശരീരത്തെ ആരാണോ ക്ഷീണിപ്പിക്കുന്നത് , അതേ വഴികളാ‍ല്‍ ആ‍ര്‍ക്കാണോ ആഗ്രഹങ്ങളെയും ദേഷ്യത്തെയും, അതി‍ന്‍റെ ത്വരയെയും കുറയ്ക്കാ‍ന്‍ കഴിയുന്നത് ആ മനുഷ്യ‍‍ന്‍ സുഖം ലഭിക്കുന്നു.
(മറ്റേതി‍ന്‍റെയും സഹായമില്ലാതെ) സ്വയം സുഖിക്കുന്നവനും, സ്വയം ആനന്ദിക്കുന്നവനും, സ്വയം പ്രകാശിക്കുന്നവനുമായവ‍ന്‍‍ ആരാണോ അവ‍ന്‍ ബ്രഹ്മത്തി‍ല്‍, സ്ഥിതിചെയ്ത് എറ്റവും മുഖ്യമായതിനെ അനുഭവിക്കുന്നു.
കരടുക‍ള്‍ നീങ്ങി, കഠിനാദ്ധ്വാനം ചെയ്യുന്നവ‍ര്‍ക്ക് ദൈവത്തി‍ന്‍റെ വലുതായ അനുഭവം ഉണ്ടാവുന്നു.
രണ്ട് എന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും സന്തോഷത്തി‍‍ല്‍ സന്തോഷിക്കുന്നവരുമായ ഉത്തമന്മാരാണവ‍ര്‍.
ആഗ്രഹങ്ങ‍ള്‍, അതിയായ കോപം ഇവ ഇല്ലാത്ത, എല്ലാമറിയുന്ന, നല്ലവരുടെ മു‍ന്‍പിലാണ് ബ്രഹ്മം സാക്ഷാത്കരിക്കുന്നത്.
തൊടുന്നതിലുള്ള സന്തോഷം മുതലായവയെ ഒഴിവാക്കിയിട്ട് , കണ്ണുകളെ പുരികങ്ങ‍ള്‍ക്കിടയിലുള്ള ബിന്ദുവിലുറപ്പിച്ച് ശ്വാസത്തെയും നിശ്വാസത്തെയും തുല്യമാക്കി, അവയവങ്ങളെയും മനസ്സിനെയും , ബുദ്ധിയേയും മോചനത്തിനായി നി‍ര്‍ത്തി , ആഗ്രഹങ്ങളേയും ഭയം കോപം ഇവയെ വെടിഞ്ഞവ‍ന്‍ ആരാണോ അവ‍ന്‍ എല്ലായ്പോഴും മോചനം ലഭിച്ചവനാണ്.
പ്രാര്‍ത്ഥനകളുടെയും, കഠിനപ്രയത്നത്തെയും സ്വീകരിക്കുന്നവനും, എല്ലാ ലോകങ്ങളുടെയും രക്ഷിതാവും, എല്ലാവരുടെയും ചങ്ങാതിയുമായ ഇശ്വരനെ അറിഞ്ഞാ‍‍ല്‍ പിന്നെ ശാന്തരാവുന്നു.
-   ഇങ്ങനെ അഞ്ചാം അദ്ധ്യായം അവസാനിച്ചു -














-   ആറാം അദ്ധ്യായം –
ശ്രീ കൃഷ്ണ ഭഗവാ‍‍ന്‍ പറഞ്ഞു
പ്രവൃത്തിയി‍‍ല്‍ നിന്നുണ്ടാവുന്ന ഫലം ഉദ്ദേശിച്ച പോലെയോ അല്ലാതെയോ ഇരുന്നാലും അതിനെ പ്പറ്റി ആവലാതിയില്ലാതെ ത‍ന്‍റെ ഉത്തരവാദിത്തമായ പ്രവൃത്തിക‍ള്‍ ചെയ്തുകൊണ്ടേ ഇരിക്കുന്നവ‍ന്‍ എല്ലാം വിട്ടൊഴിഞ്ഞവനെപ്പോലെയും യോഗിയെപ്പോലെയുമാണ്. അല്ലാതെ പ്രാ‍ര്‍ത്ഥനകളും വിശ്വാസവും, സത്ക‍ര്‍മ്മങ്ങളും ചെയ്യാതിരിക്ക‍ല്‍ മാത്രമല്ല സംന്യാസവും യോഗവും.
എല്ലാം വിട്ടൊഴിയ‍ല്‍ തന്നെയാണ യോഗം ഒരാ‍ള്‍ ത‍ന്‍റെ മനസ്സി‍ല്‍ നടത്തുന്ന വിവിധ കണക്കുകൂട്ടലുകളും, തീരുമാനങ്ങളും ഒക്കെ ച്ചേരുന്ന സങ്കല്പം എന്ന പ്രക്രിയ ഒഴിവാക്കാതെ മോചിക്കപ്പെട്ടവനാവില്ല.
എല്ലാത്തിലുമുള്ള കെട്ടുപാടുക‍ള്‍ ഒഴിച്ചുകൊണ്ട് പ്രവ‍ര്‍ത്തിക്കുന്നത് മോചനത്തിനായി പരിശ്രമിക്കുന്നവ‍നുള്ള വഴിയാണ്. അങ്ങനെ പ്രവ‍ര്‍ത്തിക്കുമ്പോഴുണ്ടാകുന്ന മനസ്സി‍ന്‍റെ അടക്കം, അടുത്ത പടിയായ സത്യത്തെ അറിയാനുള്ള വഴിയാണ്.
എപ്പോഴാണോ ഒരുത്ത‍ന്‍ അവയവങ്ങളുടെ ആവശ്യങ്ങളി‍ല്‍ കൂടൂത‍ല്‍ ശ്രദ്ധിക്കാതെ വിട്ടൊഴിയുന്നത്, ഒന്നിലും ആകുലതയില്ലാതെ പ്രവ‍ര്‍ത്തിക്കുന്നത് അവനെ മോചനത്തിന് അ‍ര്‍ഹതയുള്ളവ‍ന്‍ എന്ന് പറയുന്നു.
നമ്മളെല്ലാവരും അവരവരെ നന്മയിലേക്ക് ഉയ‍ര്‍ത്തിക്കൊണ്ടുവരണം ഒരിക്കലും നമ്മളെ നമ്മ‍ള്‍ തരം താഴ്ത്തരുത്. നീ തന്നെയാണ് നി‍ന്‍റെ  ബന്ധു. നീ തന്നെയാണ് നിന്‍റെ ശത്രുവും.
ആരാണോ സ്വയം നിയന്ത്രിക്കുന്നത് അവ‍ന്‍ സ്വന്തം ബന്ധുവാണ്. നിയന്ത്രിക്കാത്തവ‍ന്‍ ശത്രുവിനെപ്പോലെ സ്വയം നശിപ്പിക്കുന്നു.
ചൂട് തണുപ്പ് മുതലായ കഠിന സാഹചര്യങ്ങളിലും, മനസ്സിന് നല്ലതുണ്ടാകുമ്പോഴും മനസ്സിന് കഷ്ടങ്ങളായ ജീവിതാനുഭവങ്ങളിലും, മറ്റുള്ളവ‍ര്‍ ബഹുമാനിക്കുമ്പോഴും, മറ്റുള്ളവ‍ര്‍ മോശമായി പെരുമാറുമ്പോഴും ശാന്തനായി ജീവിക്കുന്നതാരാണോ, സ്വയം നിയന്ത്രിക്കുന്നതി‍ല്‍ വിജയിച്ച അവനി‍ല്‍ ദൈവം നന്നായി നിറയുന്നു.
വായിച്ചും കേട്ടും കണ്ടുമൊക്കെ അറിഞ്ഞവനും ആലോചിച്ച് അറിഞ്ഞവനും, തന്നി‍ല്‍ തന്നെ ചിന്തയെ ഒതുക്കിയവനും, അവയവങ്ങളുടെ ആവശ്യങ്ങളെ നിയന്ത്രിച്ചവനും, സ്വ‍ര്‍ണ്ണവും കല്ലും, കരിക്കട്ടയും ഒന്നാണെന്ന് മനസ്സിലാക്കിയവനും ആയ മോചനത്തിനായി പരിശ്രമിക്കുന്നവനെ മോചനം അടുത്തെത്തിയവ‍ന്‍ എന്ന് വിളിക്കുന്നു.(8)
യോഗി വളരെ രഹസ്യമായി സ്വയം ചിന്തിക്കണം.മനസ്സിനെ മാറ്റമില്ലാതെ നിലനി‍ര്‍ത്തണം, ആഗ്രഹങ്ങളെ അടക്കണം.
സ്വന്തം ശരീരത്തെ അതിയായ ഉയരമോ അതിയായ താഴ്ചയോ ഇല്ലാത്ത ഒരു നല്ല സ്ഥലത്ത് പു‍ല്‍മെത്തയിലിരുന്ന്, ശരീരാവയവങ്ങളുടെ പ്രവൃത്തിയെ നിയന്ത്രിച്ച് മനസ്സിനെ ഒന്നി‍ല്‍ ത്തന്നെ ഉറപ്പിച്ച് യോഗം അനുഷ്ഠിക്കണം.
തലയും ദേഹവും കഴുത്തും ഒരേ വരിയി‍ല്‍ നി‍ര്‍ത്തിയിട്ട്, മൂക്കിന്‍റെ അറ്റത്ത് മാത്രം ദൃഷ്ടി ഉറപ്പിച്ച്, പ്രശാന്തനായി,ഭയം വെടിഞ്ഞ്, ബ്രഹ്മചര്യവ്രത ത്തോടെ എന്നി‍ല്‍ മനസ്സുറപ്പിച്ച് ഇരിക്കണം.
ഇങ്ങനെ എല്ലാം യോജിപ്പിച്ച് എപ്പോഴും മനസ്സിനെ ശരിയായി നിലനി‍ര്‍ത്തുന്നവ‍ന്‍ എറ്റവും ഉയ‍ര്‍ന്നതായ എന്‍റെ നിലയി‍‍ല്‍ എത്തിച്ചേരുന്നു.
അതിയായ ഭക്ഷിക്കുന്നവനും , ശരിക്ക് ഭക്ഷിക്കാത്തവനും യോഗമാ‍ര്‍ഗ്ഗത്തി‍ല്‍ മുന്നേറാനാവില്ല.
അതിയായി സ്വപ്നം കാണുന്നവനും, വളരെ ഉണ‍ര്‍ന്നിരിക്കുന്നവനും യോഗിയാവാ‍ന്‍ കഴിയില്ല.
ആവശ്യത്തിന് ആഹാരവും, ജീവിതത്തിലെ മറ്റ് കാര്യങ്ങളും നടത്തുന്നവന് മാത്രമേ ദൈവവുമായി ഒന്നിച്ചിരിക്കുന്ന യോഗം ചെയ്യാ‍ന്‍ സാധിക്കുകയുള്ളു.
അവന് മാത്രം ദുഃഖം ഇല്ലാതാവുന്നു.
സ്വന്തം നില മനസ്സിലാക്കിയവനും, മനസ്സിനെ നിയന്ത്രിക്കുന്നവനും, കാര്യമായ അത്യാഗ്രഹങ്ങളില്ലാത്തവനും അയവനെ ദൈവത്തിന്‍റെ അനുഗ്രഹത്തിന് അ‍ര്‍ഹ‍ന്‍ എന്നു പറയുന്നു.
അവന്‍റെ മനസ്സ് അവിടെ നി‍ല്‍ക്കുന്നു. യോഗത്തി‍ന്‍റെ അഭ്യാസത്താ‍ല്‍ തന്നത്താ‍ന്‍ മനസ്സിലാക്കുന്നു. സന്തോഷിക്കുന്നു.
ബുദ്ധികൊണ്ടു മാത്രം അറിയാവുന്ന ആ സുഖം മനസ്സിലാക്കി സ്ഥിരതയോടെ ജീവിക്കുന്നു.
ഏതൊന്നു ലഭിച്ചിട്ട് വേറെ ഒന്നും വേണമെന്ന് തോന്നുന്നില്ലയോ, ഭയങ്കരമായ ദുഃഖങ്ങളാലും അവ‍ന്‍ ഒട്ടും മാറാത്തവനാവുന്നു.
മനസ്സില് മുളയ്ക്കുന്ന ആഗ്രഹങ്ങളെ വെടിഞ്ഞിട്ട് അവയവക്കൂട്ടങ്ങളെ നിയന്ത്രിച്ച് വളരെ മെല്ലെ മെല്ലെ ബുദ്ധികൊണ്ട് ഈ കാണുന്നവയി‍ല്‍ നിന്ന് പിന്തിരിയണം.
മനസ്സിനെ തന്നി‍ല്‍ നിലനി‍ര്‍ത്തി പിന്നീടൊന്നും ചിന്തിക്കരുത്.
എപ്പോഴൊക്കെ മനസ്സ് പുറത്തിറങ്ങന് തുടങ്ങുന്നുവോ അപ്പോഴെല്ലാം കഠിനമായി ശ്രമിച്ച് അതിനെ തന്നി‍ല്‍ നിലനി‍ര്‍ത്തണം.
ഇങ്ങനെ മനസ്സ് ശാന്തമായിട്ടുള്ള യോഗി ഉത്തമമായ സുഖം പ്രാപിക്കുന്നു.
ഇങ്ങനെ കരട് നീങ്ങിയ ഒരു‍വ‍‍ന്‍ വളരെ സുഖം പ്രാപിക്കുന്നു.
തന്നി‍ല്‍ എല്ലാ ജീവജാലങ്ങളെയും , എല്ലാ ജീവജാലങ്ങളി‍ല്‍ തന്നെയും കാണാ‍ന്‍ കഴിയുന്നവ‍ന്‍ സുഖമായി ജീവിക്കുന്നു.
എന്നെ അവ‍ന്‍ എല്ലായിടത്തും കാണുന്നു.
അവനെ ഞാ‍ന്‍ നശിപ്പിക്കുന്നില്ല. അവ‍ന്‍ എന്നെയും നശിപ്പിക്കുന്നില്ല.
എല്ലാത്തിലും സ്ഥിതി ചെയ്യുന്ന എന്നെ ഒരേ പോലെ ഭജിക്കുന്ന‍വ‍ന്‍ ഇവിടെ നന്നായി ജീവിക്കുമെങ്കിലും അവ‍ന്‍ എന്നിലാണ് ജീവിക്കുന്നത്.
അ‍ര്‍ജുന‍ന്‍ ചോദിച്ചു
നീ ഈ കാട്ടിത്തരുന്ന അവസ്ഥ എ‍ന്‍റെ സ്ഥിരതയില്ലായ്മ മൂലം ശരിക്ക് മനസ്സിലായില്ല.
മനസ്സിനെ തന്നി‍ല്‍ ഉറപ്പിക്കുന്നത് കാറ്റിനെ നിയന്ത്രിക്കുന്നതുപോലെ കഷ്ടം ആണ്.
ശ്രീ ഭഗവാ‍‍ന്‍ ഉത്തരം പറഞ്ഞു
സംശയമില്ല, മനസ്സിനെ നിയന്ത്രിക്കാ‍ന്‍ ബുദ്ധിമുട്ടാണ്.
ശ്രമം കൊണ്ടും വീണ്ടും വീണ്ടുമുള്ള പ്രയത്നം കൊണ്ടും, വൈരാഗ്യം കൊണ്ടും വരേണ്ടതാണത്.
ശരിക്ക് ശ്രമിക്കാത്തവന് ഇത് ലഭിക്കാ‍ന്‍ ബുദ്ധിമുട്ടാണ്.
കഷ്ടപ്പെട്ടാണെങ്കിലും ഉപായത്തി‍ല്‍ അടക്കാ‍ന്‍ ശ്രമിക്കണം.
അ‍ര്‍ജുന‍ന്‍ പറഞ്ഞു
എനിക്കൊരു സംശയം, അത് തീ‍ര്‍ത്തുതരണം. ഇങ്ങനെ ചെയ്ത് കുറേ ക്കഴിഞ്ഞപ്പോ‍‍ള്‍ മനസ്സുമാറി യോഗത്തി‍ന്‍റെ ലക്ഷ്യം കാണാത്തവ‍ന്‍ എന്തു സംഭവിക്കുന്നു.
അവ‍ന്‍ നശിച്ചു പോകുമോ
ശ്രീ കൃഷ്ണ ഭഗവാ‍ന്‍ പറയുന്നു
അവന്‍ എവിടെയും നാശം ഇല്ല.
നല്ലതു ചെയ്തവന് ദു‍‍ര്‍ഗ്ഗതി വരില്ല.
നല്ലവരുടെ ലോകം പ്രാപിച്ച് , വളരെ ക്കാലത്തിനു ശേഷം വൃത്തിയും സമ്പത്തും ഉള്ളവരുടെ കുടുംബത്തി‍ല്‍ ജനിക്കുന്നു.
ചിലപ്പോ‍‍ള്‍ യോഗികളുടെ കുലത്തി‍ല്‍ ജനിക്കുന്നു.
ഇത് വളരെ കുറച്ച് പേ‍ര്‍ക്കുമാത്രമേ ലഭിക്കുന്നുള്ളു
അവ‍ന്‍ ത‍ന്‍റെ മു‍ന്‍പുള്ള അഭ്യാസത്തി‍ന്‍റെ തുട‍ര്‍ച്ച ചെയ്ത് ബ്രഹ്മത്തെ കാണുന്നു.
വളരെ പ്രയത്നം ചെയ്തതിനു ശേഷം അവ‍ന്‍ പരമമായ ഗതിയെ പ്രാപിക്കുന്നു.
തപസ്സു ചെയ്യുന്നവരിലും, ഉയ‍ര്‍ന്നവനാണ് യോഗി. അറിവുള്ളവരുലും ഉയ‍ര്‍ന്നവനാണ്. സത്പ്രവൃത്തിചെയ്യുന്നവരിലും ഉയ‍ര്‍ന്നവനാണ് യോഗി. അതിനാ‍ല്‍ നീ യോഗി ആയി ത്തീരുക.
യോഗികളിലും വളരെ ശ്രദ്ധയുള്ളവ‍ന്‍ മാത്രം എന്നെ മനസ്സിലാക്കുന്നു. അവനെ ഞാ‍ന്‍ എന്‍റെ തന്നെ ഭാഗമാക്കുന്നു.
-   ഇങ്ങനെ ആറാം അദ്ധ്യായം അവസാനിച്ചു.-


 
-    



 ‍‍ 
ജ്ഞാന – വിജ്ഞാന യോഗം – ഏഴാം അദ്ധ്യായം –
ശ്രീ ഭഗവാ‍ന്‍ പറഞ്ഞു
എങ്ങനെ എന്നെ അറിയാം എന്ന് മനസ്സിലാക്കുക.
ആയിരം മനുഷ്യരി‍ല്‍ ഒരാളാണ് എന്നെ അറിയാനായി ശ്രമിക്കുന്നത്. അവരി‍ല്‍ ത്തന്നെ കുറച്ചു പേ‍‍ര്‍ മാത്രമാണ് എന്നെ മനസ്സിലാക്കുന്നത്.
മണ്ണ്, വെള്ളം, തീയ്യ്, കാറ്റ്, ആകാശം, മനസ്സ്, ബുദ്ധി, അഹംകാരം ഇവ എ‍ന്‍റെ തന്നെ എട്ട് ഭാഗങ്ങളാണ്.
എ‍ന്‍റെ ശക്തിയാലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
ഇക്കാണുന്ന എല്ലാത്തി‍ന്‍റെയും ഉദ്ഭവവും , ലയനവും എന്നി‍ല്‍ത്തന്നെയാണ്.
എന്നി‍ല്‍ നിന്നും വേറെ ആയി ഒന്നുമില്ല.
നൂലി‍ല്‍ മുത്തുമണിക‍ള്‍ കോ‍ര്‍ത്തുണ്ടാക്കിയ മാലപോലെ എന്നി‍ല്‍ ഇക്കാണുന്നതെല്ലാം കോ‍ര്‍ത്തിരിക്കുന്നു.
വെള്ളത്തി‍ന്‍റെ ദാഹമകറ്റാനും മറ്റുമുള്ള കഴിവും, പ്രകാശഗോളങ്ങളുടെ പ്രകാശവും, അറിവിന്‍‍റെ ആദ്യവും അവസാനവുമായ ഓംകാരവും, ആന്തരീക്ഷത്തിലെ ശബ്ദവും, പുരുഷന്മാരുടെ പൌരുഷവും ഞാനാകുന്നു.
മണ്ണിലെ മണവും, വസ്തുക്കളുടെ തനതായ സ്വഭാവവും, ജീവജാലങ്ങളിലെ ജീവനും, തപസ്സുചെയ്യുന്നവരിലെ തപസ്സും ഞാ‍ന്‍ തന്നെയാണ്.
വളരെ ജന്മങ്ങ‍ള്‍ക്കൊടുവി‍ല്‍ അറിവുള്ളവ‍ര്‍ എന്നെ പ്രാപിക്കുന്നു.
വാസുദേവ‍ന്‍ (ദൈവം) എല്ലാമാണെന്നു പറയുന്ന അത്തരക്കാ‍ര്‍ വളരെ കുറവാണ്.
ഓരോ ആഗ്രഹ പൂ‍ര്‍ത്തീകരണത്തിനായി പല ദൈവീക ശക്തികളെ ആരാധിക്കുന്നു.
അവരവരുടെ നിശ്ചയങ്ങ‍ള്‍ക്കും നിയമങ്ങ‍ള്‍ക്കുമനുസരിച്ച് ജീവിക്കുന്നു.
പരമാത്മാവിന്‍റെ ഭാഗങ്ങളായ ദേവതമാരി‍‍‍ല്‍ വിശ്വാസത്തോടുകൂടി ജീവിക്കുന്നവരെ അവരി‍ല്‍ ത്തന്നെ വിശ്വസിക്കാ‍ന്‍ ഞാനനുഗ്രഹിക്കുന്നു.
അവരെ പ്രാ‍ര്‍ത്ഥിച്ചാ‍‍ല്‍ ലഭിക്കുന്ന ഫലങ്ങ‍ള്‍ പരമാത്മാവ് നല്‍കുന്നതു തന്നെയാണ്.
എന്നാ‍‍ല്‍ ആ ഫലങ്ങ‍ള്‍ക്ക് ഒരവസാനമുണ്ട്.
ചില‍ര്‍ ഓരോ വിഷയങ്ങളുടെ അടിസ്ഥാനമായ ദൈവത്തിന്റെ ഭാഗങ്ങളായ ദേവന്മാരെ പ്രാര്ത്ഥിക്കുന്നു.
ചില‍ര്‍ എന്നെ പ്രാ‍ര്‍ത്ഥിക്കുന്നു.
ചില‍ര്‍ എന്നെ അവ്യക്തമായി കരുതുന്നു.
അവരുടെ അറിവ് പരിമിതമാണ്.
ഞാ‍ന്‍ ഇപ്പോ‍ള്‍ നടക്കുന്നതും, കഴിഞ്ഞതും, ഇനി വരാനിരിക്കുന്നതും അറിയുന്നു.
എന്നാ‍ല്‍ എന്നെ അറിയാ‍ന്‍ കഷ്ടമാണ്.
എല്ലാത്തിന്‍റെയും വിത്ത് ഞാനാകുന്നു.
ബുദ്ധിയുള്ളവരിലെ ബുദ്ധിയും, തേജസ്സുള്ളവരിലെ തേജസ്സും, ബലമുള്ളവരിലെ ബലവും, വീണ്ടും വീണ്ടും വരുന്ന ആഗ്രഹങ്ങളില്ലാത്തതും ഞാ‍ന്‍ തന്നെ.
വളരെ നല്ല ജീവിതരീതിയായ സാത്വികത, കുറച്ച് തെറ്റുകള്ളുള്ള ജീവിത രീതിയായ രാജസത, വളരെ താഴ്ന്നതും അധികം തെറ്റുകളുള്ളതുമായ ജീവിത രീതിയായ താമസം, ഈ മൂന്നും ഞാ‍ന്‍ തന്നെയാണ്. ഇവ എന്നിലാണ്. ഞനിവയിലല്ല എന്ന് മനസ്സിലാക്കുക.
ഈ കാണുന്നതെല്ലാം ഈ മൂന്നു ഗുണങ്ങളാ‍ല്‍ ഉണ്ടായതാണ്. അറിവില്ലാത്തവ‍ര്‍ ഇതറിയുന്നില്ല.
ഈ സത്യം ശരിക്ക് മനസ്സിലായാ‍ല്‍ എന്നെ പ്രാപിക്കാം
ദൈവത്തെ പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ നാലു വിധക്കാരാണ്.
ഒരുപാടു കഷ്ടപ്പാടുകളാ‍ല്‍‍ മനസ്സു നൊന്തവ‍ര്‍,
ഈ പ്രപഞ്ചത്തെക്കുറിച്ചും, ദൈവമുണ്ടോ എവിടെ ഉണ്ട് തുടങ്ങിയ വിഷയങ്ങളറിയാ‍ന്‍ താത്പര്യമുള്ളവരും,
പണവും, ഭൌതിക നേട്ടം ലക്ഷ്യമാക്കിയവ‍ര്‍,
ദൈവത്തെക്കുറിച്ചും, പ്രപഞ്ചത്തെക്കുറിച്ചും, തന്നെക്കുറിച്ചും അറിവുള്ളവ‍ര്‍
ഇതി‍ല്‍ അറിവുള്ളവ‍ന്‍റെ ഭക്തിയാണ് പ്രധാനമായത്.
മറ്റുള്ളവരെയും ഞാ‍ന്‍ അനുഗ്രഹിക്കുന്നു.
എന്നാ‍ല്‍ അറിവുള്ളവനെ ഞാ‍ന്‍ എന്നെപ്പോലെ കരുതുന്നു.
ആഗ്രഹം, ദേഷ്യം ഇവയാ‍ല്‍ എല്ലാ ജീവജാലങ്ങളും ജനനമരണങ്ങളി‍ല്‍ കഴിയുന്നു.
മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിക്കാനുള്ള വ്രതങ്ങളെ ദൃഢമായി പിന്തുടരുന്നവരും പാപം കുറഞ്ഞ് കുറഞ്ഞ് ഇല്ലാതെ ആയവരും എന്നെ അന്തിമമായി ആശ്രയിക്കുന്നു.
കഷ്ടങ്ങളി‍ല്‍ നിന്നും മരണത്തി‍ല്‍ നിന്നും മോചനത്തിനായി ദൈവത്തെ ആശ്രയിച്ച് പ്രയത്നിക്കുന്നവ‍ര്‍, ബ്രഹ്മത്തെ മനസ്സിലാക്കുന്നു.അതറിയാനുള്ള എല്ലാ വഴികളുമറിയുന്നു.
കാറ്റ് മുതലായ അഞ്ച് അടിസ്ഥാന ഭൂതങ്ങ‍ള്‍ പരമാത്മാവി‍ന്‍റെ ഭാഗമാണെന്നും, എല്ലാ ദൈവീക ശക്തികളും പരമാത്മാവി‍‍ന്‍റെതു തന്നെയാണെന്നും ആ പരമാത്മാവിനെ അടയുവാനുള്ള വഴികളും എന്റേതാണെന്ന് അറിഞ്ഞ് പരമാത്മാവിനെ (എന്നെ) പ്രാ‍ര്ത്ഥി‍ക്കുന്നവ‍ര്‍ അന്ത്യസമയത്തുപോലും എന്നെ കണ്ടുകൊണ്ടേ ഇരിക്കുന്നു.
ദൈവത്തെ അധിഭൂതമായും, അധി യജ്ഞമായും, അധി ക‍ര്‍മ്മമായും അറിയുന്നവ‍ന്‍ ശരിക്കറിയുന്നു. (അടുത്ത അദ്ധ്യായത്തിലിതിന്റെ കൂടുത‍ല്‍ വിവരങ്ങ‍ള്‍ ഉണ്ട്.)
-ഇങ്ങനെ ഏഴാം അദ്ധ്യായം അവസാനിച്ചു.-


   ‍‍
 ‍‍‍









എട്ടാം അദ്ധ്യായം – അക്ഷരബ്രഹ്മയോഗം – നശിക്കാത്ത സത്തയെപ്പറ്റിയുള്ള അദ്ധ്യായം –
അ‍ര്‍ജുന‍ന്‍ ചോദിച്ചു
ബ്രഹ്മം എന്നാലെന്താണ്, അദ്ധ്യാത്മം എന്നാലെന്താണ്,ക‍ര്‍മ്മം എന്നാലെന്താണ്
അധിഭൂതം എന്നാലെന്താണ്, അധി ദൈവം എന്നാലെന്താണ്
അധി യജ്ഞം എന്നാലെന്താണ്
മരണകാലത്ത് സ്വന്തം നിലയെപ്പറ്റി എങ്ങനെ മനസ്സിലാക്കാം
ശ്രീ ഭഗവാ‍‍‍ന്‍ പറഞ്ഞു
ഒരിക്കലും മാറ്റമോ നാശമോ ഇല്ലാത്തതിനെ ബ്രഹ്മം എന്നു പറയുന്നു.
ശരീരത്തോട് ഇണങ്ങിയിരിക്കുന്ന ബ്രഹ്മത്തിന്റെ സത്തയെ ആത്മാവ് എന്ന് പറയുന്നു
ജീവികളുണ്ടാവുന്നതിനും നശിക്കുന്നതിനും കാരണമായ പലതരം മാറ്റം വരുത്തുന്ന പ്രക്രിയയെ ക‍ര്‍മ്മം അല്ലെങ്കി‍ല്‍ പ്രവൃത്തി എന്നു പറയുന്നു
മാറിക്കൊണ്ടിരിക്കുന്നതും നശിച്ചുപോകുന്നതുമായ ദേഹം മുതലായവയെ അധി ഭൂതം എന്നു പറയുന്നു.
സൂര്യനിലൂടെ ഊ‍ര്ജ്ജപ്രസാരണം നടത്തി ദേഹങ്ങളെ നിലനി‍ര്‍ത്തുന്ന ശക്തിയെ പുരുഷ‍നെന്നും അധിദൈവംഎന്നം വിളിക്കുന്നു.
ഈ ശരീരങ്ങളി‍ല്‍ മാറ്റം വരുത്തന്ന യജ്ഞം എന്ന പ്രക്രിയ ഞാ‍ന്‍ തന്നെയാണ്.
ആരാണോ ശരീരീവസ്ഥയുടെ അവസാനകാലത്ത് ശരീരത്തിനുള്ളിലിരുന്നു കൊണ്ട് എല്ലാം നിയന്ത്രിക്കുന്ന എന്നെ ഓ‍ര്‍ക്കുന്നത് അവ‍ന്‍ എന്നിലേക്കാണ് വരുന്നത്. അതിന് സംശയമില്ല.
അവസാനകാലത്ത് (മരണസമയത്ത്) ‍ആ‍ര്‍ എത് കാര്യം അല്ല വിഷയം അല്ല രൂപം ചിന്തിച്ചുകൊണ്ട് മരിക്കുന്നുവോ അവ‍ര്‍ ആ വിഷയവുമായോ രൂപവുമായോ ചേ‍ര്‍ക്കപ്പെടുന്നു.
അതിനാ‍ല്‍ എല്ലായ്പ്പോഴും നിന്‍റെ സ്വന്തം തൊഴിലും ഉത്തരവാദപ്പെട്ട ജോലികളും ചെയ്യുമ്പോ‍ള്‍ എന്നെ ഓ‍ര്‍ക്കുക. എന്നി‍ല്‍ നല്ലപോലെ ഉറപ്പിച്ച് വെയ്ക്കപ്പെട്ട ബുദ്ധിയോടും മനസ്സോടും കൂടിയവനായ നീ എന്നിലേക്കുത്തന്നെ വന്നുചേരും അതി‍ല്‍ സംശയിക്കണ്ട.
(ദേവാലയ ക്ഷേത്രങ്ങളി‍ല്‍ പോകുക, ബിംബത്തി‍ല്‍ ഭഗവാനെ വിളിച്ച് പൂജിക്കുക, ഹോമങ്ങ‍ള്‍, യാഗങ്ങ‍ള്‍ തുടങ്ങിയവ ചെയ്യുക, പ്രാണായാമം, ഹഠയോഗം, ഉപവാസ വ്രതങ്ങ‍ള്‍, മന്ത്രം ജപിക്കുക, സ്തോത്രങ്ങ‍ള്‍ വായിക്കുക, പുരാണം വായിക്കുക എന്നിങ്ങനെ) പലതരം പ്രാ‍ര്‍ത്ഥനയുടെ വഴികളിലൂടെ മറ്റെവിടെയും അലയാത്ത ജീവ തേജസ്സുമായി പ്രകാശരൂപിയായ പരമാത്മാവിനെ പ്ര‍ര്‍ത്ഥിക്കുന്നവ‍ന്‍ തീ‍ര്‍ച്ചയായും ദൈവത്തെ പ്രാപിക്കന്നു.
ആ ദൈവം - ഈ പ്രപഞ്ചത്തിന്‍റെ കഥ എഴുതുന്ന കവിയും, പണ്ടേ ഉള്ളവനും, എല്ലാത്തിനേയും ഭരിക്കുന്നവനും, ഏറ്റവും ചെറിയ വസ്തുവിലും ചെറിയവനും സൂര്യനെ പ്പോലുള്ള നിറമുള്ളവനും, എല്ലാത്തിനേയും ധരിക്കുന്നവനും, അറിവില്ലായ്മയാകുന്ന ഇരുട്ടിനെ മറികടന്നവനുമാണ്.
ഈ ശരീരം വിട്ട് പോകുന്ന നേരത്ത് മു‍‍ന്‍പറഞ്ഞ പ്രാ‍ര്‍ത്ഥനകളുടെ (ദേവാലയ ക്ഷേത്രങ്ങളി‍ല്‍ പോകുക, ബിംബത്തി‍ല്‍ ഭഗവാനെ വിളിച്ച് പൂജിക്കുക, ഹോമങ്ങ‍ള്‍, യാഗങ്ങ‍ള്‍ തുടങ്ങിയവ ചെയ്യുക, പ്രാണായാമം, ഹഠയോഗം, ഉപവാസ വ്രതങ്ങ‍ള്‍, മന്ത്രം ജപിക്കുക, സ്തോത്രങ്ങ‍ള്‍ വായിക്കുക, പുരാണം വായിക്കുക ദാനം ചെയ്യുക എന്നിങ്ങനെ) ഫലമായി ഇളകാത്ത മനസ്സോടുകൂടി, ഭക്തിയുള്ളവനായി, പുരികങ്ങളുടെ നടുവിലുള്ള ആജ്ഞാ ചക്രത്തി‍ല്‍ ജീവ‍ന്‍റെ ധാരയെ നിലനി‍ര്‍ത്തി മരിക്കുന്നവ‍ന്‍ ആ എറ്റവും വലുതായ പരമമായ, ദിവ്യമായ പുരുഷനെ ദൈവത്തെ പ്രാപിക്കുന്നു. (ദൈവത്തിലെത്തിച്ചേരുന്നു.)
വേദ പുസ്തകത്തെ അറിയുന്നവ‍ര്‍ ഒരിക്കലും നാശമില്ലാത്തതെന്ന് പറയന്നതും, എല്ലാം വിട്ടൊഴിഞ്ഞവര് പോകുന്നതും, യാതൊന്നിനെ അടയാനായി ആദ്ധ്യാത്മിക വിദ്യാഭ്യാസം നേടുന്നു ആ സ്ഥാനത്തെ ക്കുറിച്ച് നിനക്ക് ഞാ‍ന്‍ പറഞ്ഞു തരാം.
12. കണ്ണ്, കാത്, വായ, ലിംഗം അഥവാ യോനി, ഗുദം ഇങ്ങനെയുള്ള ശരീരവും ബാഹ്യലോകവുമായി ബന്ധിപ്പിക്കാനുള്ള വഴികളെ നന്നായി നിയന്ത്രിച്ച്,മനസ്സിനെ ഹൃദയപ്രദേശത്ത് കേന്ദ്രീകരിച്ച്, സ്വന്തം ജീവ‍ന്‍റെ ഒഴുക്കായ പ്രാണനെ തലയുടെ നടുവിലാക്കി , ദൈവവുമായുള്ള ബന്ധമായ യോഗം ഉണ്ടാക്കിയെടുക്കണം
13. ബ്രഹ്മത്തി‍ന്‍റെ പേരായ ഓം എന്ന അക്ഷരം ഉച്ചരിച്ചുകൊണ്ട് (എന്നെ) ദൈവത്തെ ത്തന്നെ വിചാരിക്കണം. ഇങ്ങനെ ദൈവവുമായുള്ള ബന്ധം പരിശീലിക്കുന്നവ‍ന്‍ കാലക്രമേണ നല്ല സ്ഥിതിയെ കൈവരിക്കുന്നു.
14.വേറെ വിഷയങ്ങളി‍ല്‍ ത‍ന്‍റെ പ്രധാനമായ താത്പര്യത്തെ വള‍ര്‍ത്താതെ , ആരാണോ എന്നി‍ല്‍ ശ്രദ്ധയെ നിലനി‍ര്‍ത്തുന്നത്, എന്നും ഒരേ അളവി‍ല്‍ പ്രയത്നിക്കുന്ന അവ‍ന് ഞാ‍ന്‍ വളരെ എളുപ്പം ലഭിക്കുന്നവനാണ്. (ഇതിന്നായിട്ടാണ്, ക്ഷേത്രത്തില് പോകേണ്ടതും, വ്രതങ്ങ‍ള്‍, ഉപവാസം, ഉത്സവങ്ങ‍ള്‍, ദാനങ്ങളെന്നിവ നടത്തേണ്ടതും, മന്ത്രങ്ങ‍ള്‍ ജപിക്കേണ്ടതും, നല്ല ഗുരുക്കന്മാരെ തേടി അവരുമായി സത്സംഗം ചെയ്യേണ്ടതും, പുരാണാദി പുസ്തകങ്ങ‍ള്‍ വായിക്കേണ്ടതും ആവശ്യമാവുന്നത്)
15. മാറിക്കൊണ്ടിരിക്കുന്നതും, ദുഃഖങ്ങ‍ള്‍ നിറഞ്ഞതുമായ വീണ്ടുമുള്ള ജീവിതങ്ങ‍ള്‍ , ഇത്തരത്തിലുള്ള പ്രയത്നം ചെയ്യുന്ന നല്ലവ‍ര്‍ എന്നിലെത്തുന്നതിലൂടെ വീണ്ടും ഒരിക്കലും അനുഭവിക്കുന്നില്ല.
16.വളരെ അറിവുള്ളവരുടെ സമുഹമാകുന്ന ബ്രഹ്മഭുവനം എന്ന ലോകം വരെ എല്ലാം വീണ്ടും വീണ്ടും ആവ‍ര്‍ത്തിക്കുന്നതാണ്. എന്നാ‍ല്‍ എന്നെ അടയുന്നവ‍ര്‍ പിന്നെ ജീവിത ചക്രത്തി‍ല്‍ വരുന്നില്ല.
17.ജ്യോതിഷത്തി‍ന്‍റെയും, ദിനരാത്രങ്ങളുടെ കാലം കണക്കാക്കുന്നതിന്‍റെയും ഉയ‍ര്‍ന്ന കണക്കുകൂട്ടലുകളറിയുന്നവ‍ര്‍  പറയുന്നു സൃഷ്ടിയുടെ പിന്നിലെ ദൈവീകശക്തിയായ ബ്രഹ്മാവി‍ന്‍റെ ജീവിതകാലം എത്രയോ യുഗങ്ങ‍ള്‍ അടങ്ങുന്നതാണ്. എത്രയോ ആയിരം യുഗങ്ങ‍ള്‍ ചേര്ന്നതാണ് ബ്രഹ്മാവി‍ന്‍റെ ഓരോ രാത്രിയും പകലും.
‍ 18. ദൈവത്തി‍ന്‍റെ ഭാഗമായ അവ്യക്താവസ്ഥയി‍ല്‍ നിന്ന് വ്യക്താവസ്ഥയിലേക്ക് കാലങ്ങളെടുത്തുകൊണ്ട് ബ്രഹ്മാവി‍ന്‍റെ രാത്രി കഴിഞ്ഞ് പകലാവുമ്പോ‍ള്‍ ഇക്കാണുന്നതിന്‍റെ അടിസ്ഥാന ഭുതങ്ങളായ കാറ്റ്, മണ്ണ് തുടങ്ങിയവ തെളിഞ്ഞു വരുന്നു.
19. ആ അഞ്ച് ഭൂതങ്ങളുടെ പലതരം കൂട്ടമാണ് ഈ കാണുന്നതെല്ലാം. ഇവ വീണ്ടും വീണ്ടും കലരുകയും വേ‍ര്‍പിരിയുകയും ചെയ്തുകൊണ്ട് ജീവിതം ഉണ്ടാക്കുകയും നശിക്കുകയും ചെയ്യുന്നു. ബ്രഹ്മാവി‍ന്‍റെ പക‍ല്‍ പലതായി വേ‍ര്‍പിരിയുകയും ചേരുകയും ചെയ്യുന്ന ഭൂതങ്ങ‍ള്‍ രാത്രിയാവുമ്പോ‍ള്‍ വീണ്ടും അവ്യക്തമെന്ന അവസ്ഥയിലേക്ക് തിരിച്ചുപോകുന്നു.
20.യാതൊരു ബ്രഹ്മം (ദൈവം) ഈ അവ്യക്തത്തിനും കാരണമായിരിക്കുന്നുവോ നമ്മുടെ കണ്ണ് മുതലായവയാ‍ല്‍ നേരിട്ട് അനുഭവിക്കാ‍ന്‍ കഴിയാതിരിക്കുന്നുവോ‍, അത് ഇത്തരം മാറ്റങ്ങളിലൊന്നും നശിക്കുന്നില്ല.
21. വേദങ്ങളി‍ല്‍ മനുഷ്യന്റെ അന്തിമമായ ലക്ഷ്യം പറയപ്പെട്ടിരിക്കുന്നു. അത് കണ്ണ് മുതലായ അവയവങ്ങ‍ള്‍ക്ക് മുഴുവനായി അറിയാ‍ന്‍ സാധിക്കാത്തതിനാ‍ല്‍ അവ്യക്തമെന്നും , അത് ഒരിക്കലും നശിക്കാത്തതെന്നും ആണ് വിവരിച്ചിരിക്കുന്നത്. അത് എ‍ന്‍റെ സ്വരൂപം തന്നെയാണ്. അതിനെ അണഞ്ഞുഴിഞ്ഞാ‍ല്‍ പിന്നെ ഈ പ്രപഞ്ച ജീവിതത്തിലേക്ക് ഒരു മടക്കയാത്രയില്ല.
22.അ‍ര്‍ജുനാ, എല്ലാ ജീവജാലങ്ങളും, മണ്ണ്, കാറ്റ് വെള്ളം, സ്ഥലം, പ്രകാശം തുടങ്ങിയ അവയുടെ അടിസ്ഥാന തത്വങ്ങളും (പുരുഷനിലാണ്) ദൈവത്തിനുള്ളിലാണ് ഉള്ളത്. മാത്രമല്ല ആ ദൈവമാകട്ടെ ഈ പറഞ്ഞ എല്ലാത്തിലും വ്യാപിച്ചിരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ദൈവത്തെ തീവ്രമായതും മറ്റുള്ള സകലതിനെയും ഒഴിവാക്കിയുമുള്ള ഭക്തിയാ‍ല്‍ ത്തന്നെ സാക്ഷാത്കരിക്കാ‍ന്‍ സാധിക്കും.
23. ഈ പ്രപഞ്ചത്തി‍ല്‍ നിന്നുള്ള മോചനത്തിനായി ശ്രമിച്ചവ‍ര്‍, യോഗിക‍ള്‍, ശരീരം കൈവെടിഞ്ഞതേതു സമയത്താണെന്നും അതിലേത് സമയത്ത് പോയവ‍ര്‍ തിരിച്ചുവരാരില്ല എന്നും , ഏതേതു സമയത്ത് ശരീരം വെടിഞ്ഞ് പോകുന്നവ‍ര്‍ തിരിച്ചു വരാരുണ്ട് എന്നും പറഞ്ഞു തരാം.
24. തീയുള്ള സമയം, പ്രകാശമുള്ള സമയം, തേജസ്സുള്ള സമയം, പകലാകുന്ന സമയം, ചന്ദ്ര‍ന്‍റെ കറുത്ത വാവിനു ശേഷമുള്ള പതിനഞ്ചു ദിവസങ്ങളായ വെളുത്തപക്ഷം, സൂര്യ‍ന്‍റെ വടക്കുഭാഗത്തുകൂടെയുള്ള സഞ്ചാരകാലമായ (മകരമാസം മുത‍ല്‍ മിഥുന മാസം വരെയുള്ള) ആറുമാസക്കാലമായ ഉത്തരായണകാലം എന്നീ കാലങ്ങളി‍ല്‍ പോകുന്ന ബ്രഹ്മത്തെ അറിഞ്ഞിട്ടുള്ള മനുഷ്യ‍ര്‍ ബ്രഹ്മത്തിലേക്ക് (ദൈവത്തിലേക്ക്) എത്തിച്ചേരുന്നു.
25. പുകയുള്ള സമയം, രാത്രി സമയം, കറുത്ത പക്ഷം പതിനഞ്ചു ദിവസങ്ങ‍ള്‍, അതേ പോലെ ആറുമാസക്കാലമുള്ള സൂര്യ‍ന്‍റെ ആകാശത്തിലെ തെക്കുവഴിക്കുള്ള ചലന സമയം ഇവയി‍ല്‍ ശരീരം വെടിയുന്ന മോചനത്തിനായി ശ്രമിച്ചിരുന്നവ‍ര്‍ ചന്ദ്ര പ്രകാശമുള്ള സ്വ‍ര്‍ഗ്ഗലോകം അടഞ്ഞിട്ട്, ഈ ലോകത്തിലേക്ക് തിരിച്ചുവരുന്നു.
26.   എപ്പോഴും നിലനി‍ല്‍ക്കുന്ന ഈ രണ്ടു വഴികളായ വെളുത്ത വഴിയും, കറുത്ത വഴിയും, അറിവ് നിറഞ്ഞവ‍ര്‍ക്ക് മോചനത്തിനായും, മോചനത്തിനായുള്ള പരിശ്രമം ഇനിയും അവശേഷിക്കുന്നവ‍ര്‍ക്ക് അതിനുള്ള അവസരമായുമുള്ളതാണ്.
27. ഇപ്പറഞ്ഞ വഴികളെ ക്കുറിച്ചും അതിലൂടെ മോചനത്തിനായി ലഭിച്ചിട്ടുള്ള അവസരത്തെക്കുറിച്ചും അറിഞ്ഞ് മോചനം ആഗ്രഹിക്കുന്ന ഒരുവനും സുഖ മനുഭവിക്കാവുന്ന സ്വ‍ര്‍ഗ്ഗം ശാശ്വതമാണെന്ന് തെറ്റായി ചിന്തിക്കുകയില്ല. ‍ അതിനാ‍ല്‍ അ‍ര്‍ജുനാ, എല്ലാ സമയവും മോചനത്തിനായുള്ള, ദൈവവുമായി അടുക്കാനുള്ള പരിശ്രമങ്ങ‍ള്‍ വിടാതെ നടത്തുക. ( ദൈവത്തി‍ന്‍റെ ഏതെങ്കിലും രൂപത്തെ ഓ‍ര്‍ക്കുക, ദൈവത്തി‍ന്‍റെ മന്ത്രങ്ങളെ തുട‍ര്‍ച്ചയായി ദിവസവും ചൊല്ലുക, പുരാണാദി സദ് ഗ്രന്ഥങ്ങ‍ള്‍ വായിക്കുക, കേ‍ള്‍ക്കുക, ക്ഷേത്രങ്ങളി‍ല്‍ ചെന്ന് നമസ്കരിക്കുക, ദാനങ്ങ‍ള്‍ നടത്തുക, വ്രത‍ങ്ങ‍ള്‍ അനുഷ്ഠിക്കുക എന്നിങ്ങനെയുള്ള പരിശ്രമങ്ങ‍ള്‍ നടത്തുക)
- ഇങ്ങനെ എട്ടാം അദ്ധ്യായം അവസാനിച്ചു - 
















ഭഗവദ് ഗീത ഒ‍ന്‍പതാമദ്ധ്യായം
വളരെ പ്രധാനമായതും എന്നാ‍‍ല്‍ ഏറ്റവും അറിയപ്പെടാതെ ഇരിക്കുന്നതുമായ അറിവിനെ വെളിപ്പെടുത്തുന്ന അദ്ധ്യായം –
ശ്രീ കൃഷ്ണ ഭഗവാ‍ന്‍ പറഞ്ഞു –
1.       ഏറ്റവും പ്രധാനമായി മനുഷ്യനറിഞ്ഞിരിക്കേണ്ടതും എന്നാ‍ല്‍ ഭൂരിഭാഗം പേ‍രും അറിഞ്ഞിട്ടില്ലാത്ത അറിവ് നിനക്ക് ഞാ‍ന്‍ പറഞ്ഞുതരാം.
2.       ഈ അറിവിനെ ശരിയായി മനസ്സിലാക്കാത്തവ‍ര്‍ എന്നെ പ്രാപിക്കാതെ തിരിച്ച് വരുന്നു.
3.       ഈ കാണുന്നതെല്ലാം അവ്യക്തമായ എന്നാ‍ല്‍ തന്നെ ഉണ്ടാക്കപ്പെട്ടതാണ്. എന്നി‍ല്‍ തന്നെ എല്ലാം നിലനി‍ല്‍ക്കുന്നു, അല്ലാതെ ഞാ‍ന്‍ അവയിലല്ല.
4.       ഞാ‍ന്‍ ഒന്നിനേയും ധരിക്കുന്നില്ല., ഒന്നും എന്നെയും ധരിക്കുന്നില്ല., ആകാശത്തി‍ല്‍ കാറ്റ് ഉള്ളതു പോലെ ഈ കാണുന്നതെല്ലാം എന്നിലാണ് സ്ഥിതി ചെയ്യുന്നത്.
5.       കല്പം എന്ന നിശ്ചിത സമയ ദൈര്ധഘ്യത്തി‍ന്‍റെ അവസാനത്തി‍ല്‍ എല്ലാം എന്നി‍ല്‍ ലയിച്ചു ചേരുന്നു. വീണ്ടും അടുത്ത കല്പം തുടങ്ങിയാ‍ല്‍ ഞാനവയെ പുറന്തള്ളുന്നു.
6.       അങ്ങനെ പുറന്തള്ളിക്കൊണ്ടും അകത്തേക്ക് വലിച്ചുകൊണ്ടുമിരിക്കുന്നു.
7.       എന്നാലിതൊന്നും എന്നെ ബാധിക്കുന്നില്ല.
8.       ഞാനൊരു മടിയനെപ്പോലിരിക്കുന്നു., എന്നാലെല്ലാം ചെയ്യുന്നു.
9.       ഞാ‍ന്‍ പറഞ്ഞിട്ട് പ്രകൃതി എല്ലാത്തിനേയും പ്രസവിക്കുന്നു.
10.      പ്രപഞ്ചം മാറ്റത്തിന് വിധേയമായിക്കൊണ്ടേ ഇരിക്കുന്നു.
11.    എന്നാ‍ല്‍ ബുദ്ധി കുറഞ്ഞവ‍ന്‍ എന്നെ മനുഷ്യന് തുല്യനായി കരുതുന്നു.
12.    എന്നാലവ‍ര്‍ എന്റെ ശരിയായ രൂപം മനസ്സിലാക്കുന്നില്ല.
13.    ഉചിതമല്ലാത്ത ആഗ്രഹങ്ങളും, അവരവ‍ര്‍ക്കൊക്കാത്ത ജോലികളും, ശരിയല്ലാത്ത അറവും കൊണ്ട് അവ‍ര്‍ രാക്ഷസന്മാരും, അസുരന്മാരുമായിത്തീരുന്നു.
14.    എന്‍റെ ശരിയായ വശങ്ങളെ ഉ‍ള്‍ക്കൊണ്ടവ‍ര്‍ മഹാത്മാക്കളായി ത്തീരുന്നു.
15.    ചില‍ര്‍ എന്നെ എപ്പോഴും സ്തുതിക്കുന്നു., പുകഴ്ത്തുന്നു. കഠിനങ്ങളായ വ്രതങ്ങളെടുക്കുന്നു.
16.    നമസ്കരിക്കുന്നു, എല്ലായ്പോഴും പ്രാ‍ര്‍ത്ഥിക്കുന്നു.
17.    ജ്ഞാനപ്രവൃത്തിക‍ള്‍കൊണ്ട് എന്നെ പ്രാ‍ര്‍ത്ഥിക്കുന്നു.
18.    ഒന്നായിട്ടും പലതായിട്ടും വേറെ വേറെ ആയിട്ടും പ്രാ‍ര്‍ത്ഥിക്കുന്നു.
19.    പ്രാ‍ര്‍ത്ഥനകളുടെ വേറെ വേറെ രീതിക‍ള്‍ ഞാനാകുന്നു.
20.    മരുന്ന്, പ്രാ‍ര്‍ത്ഥനാ മന്ത്രങ്ങ‍ള്‍, വിളക്കുകത്തിക്കാനുള്ള നെയ്യ് , തീയ് , നിവേദിക്കുന്ന വസ്തുക്ക‍ള്‍ , പ്രസാദം ഇവയെല്ലാം ഞാനാകുന്നു.
21.    അറിയേണ്ടതും പവിത്രമായതുമായ ഓം കാരം , അതി‍ന്‍റെ വിശദീകരണങ്ങളായ ഋഗ്വേദം, യജു‍ര്‍വേദം, സാമവേദം, അഥ‍ര്‍വവേദം ഇവയും ഞാനാകുന്നു.
22.    വഴിയും, വാഴ്ചയും, ഇതിനെ നോക്കിക്കാണുന്നവനും, വീടും, ആശ്രയവും, ചങ്ങാതിയും, തുടക്കസ്ഥാനവും, അവസാനസ്ഥാനവും, അവസാനിക്കുന്ന രീതിയും, വിത്തും, മാറ്റമില്ലാത്തതും, ഞാനാകുന്നു.
23.    ചൂടുള്ളതും, മഴയും, വാങ്ങുന്നതും, പുറന്തള്ളുന്നതും, മരണമില്ലാത്തതും, മരണമുള്ളതും ഞാനാകുന്നു.
24.    വ്യവസായം, ഭരണം, ചിന്തിക്കുക തുടങ്ങിയ അറിവ് ഉള്ള‍വ‍ര്‍ ഇതിനാ‍ല്‍ പല സുഖങ്ങളും നേടുകയും അവയുടെ നേട്ടങ്ങളവസാനിക്കുമ്പോ‍ള്‍ പഴയപടി ജീവീക്കുകയും ചെയ്യുന്നു.
25.    അങ്ങനെ സമൂഹത്തി‍ല്‍ ഭൌതികസാഹചര്യങ്ങളി‍ല്‍ നേട്ടങ്ങളും കോട്ടങ്ങളും വന്നും പോയ്ക്കൊണ്ടുമിരിക്കുന്നു.
26.    ശരണം വേറെ ഇല്ലെന്ന് ഉറപ്പിച്ച് ആരാണോ എന്നെ പ്രാ‍ര്‍ത്ഥിക്കുന്നത് അവ‍ര്‍ക്ക് എന്നും നിലനി‍ല്‍പ്പുള്ളതായ എന്‍റെ അടുപ്പത്തോടുകൂടിയ നന്മ ഞാ‍ന്‍ നല്കുന്നു.
27.    മറ്റുള്ള ദൈവ രൂപങ്ങളെയും പ്രാ‍ര്‍ത്ഥിക്കുന്നവരും , എന്നെത്തന്നെയാണ് പ്രാ‍ര്‍ത്ഥിക്കുന്നത്. ഞാ‍ന്‍ തന്നെയാണ് എല്ലാ മതങ്ങളുടെയും നാഥ‍ന്‍. എന്നാലീ സത്യം എല്ലാവരും അറിയുന്നില്ല.
28.    ഭാഗീകമായ ദൈവീക ശക്തികളെ പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ അവരിലേക്കും.,
29.    മരിച്ച ആത്മക്കളോട് പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ അവരിലേക്കും.,
30.    പ്രകൃതി ശക്തികളെ പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ അവയിലേക്കും.,
31.    എന്നെ പ്രാ‍ര്‍ത്ഥിക്കുന്നവ‍ര്‍ എന്നിലേക്കും എത്തി ച്ചേരുന്നു.
32.    ആരാണ് ലളിതങ്ങളായ വസ്തുക്ക‍ള്‍ നിവേദ്യങ്ങളായി ഇല, പൂവ്, വെള്ളം, പഴം ഇങ്ങനെയുള്ളവയെ എനിക്ക് തരുന്നത്, അത് ഞാ‍‍ന്‍ സ്വീകരിക്കുന്നു.
33.    നീ എന്തൊക്കെ പ്രവ‍ര്‍ത്തിക്കുന്നുവോ, എന്തൊക്കെ ഭക്ഷിക്കുന്നുവോ, എന്തൊക്കെ ഹോമിക്കന്നുവോ, എന്തൊക്കെ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നുവോ അതിനെ എനിക്കായി അ‍ര്‍പ്പിക്കുക.
34.    നല്ലത്, ചീത്ത എന്നിങ്ങനെയുള്ള പ്രവൃത്തിയുടെ ഫലങ്ങളെ, അവയിലുള്ള ബന്ധനങ്ങളെ മാറ്റി, എല്ലാത്തി‍ല്‍ നിന്നും അകന്നു നിന്നുകൊണ്ട് മോചനത്തിനായി പരിശ്രമിക്കുന്നവനെന്നെ പ്രാപിക്കുന്നു.
35.    ഞാനെല്ലാവരിലും സമനാണ്. എനിക്ക് ഇഷ്ടമുള്ളവരോ ഇഷ്ടമില്ലാത്തവരോ ഇല്ല.
36.    ആരാണോ എന്നെ ആശ്രയിച്ച് പ്രാ‍ര്‍ത്ഥിക്കുന്നത് ഞാ‍ന്‍ അവരിലും അവ‍ര്‍ എന്നിലും ജീവിക്കുന്നു.
37.    ഇനി ഒരാ‍ള്‍ തെറ്റായ ജീവിതരീതിയിലും എന്നെ പ്രാ‍ര്‍ത്ഥിക്കുന്നെങ്കി‍ല്‍ അയാളെയും ഞാ‍ന്‍ നന്മയ്ക്കായി അനുഗ്രഹിക്കുന്നു.
38.    ആയാ‍ള്‍ നല്ലവനായിത്തീരുന്നു.
39.    എന്നെ ആശ്രയിക്കുന്ന പാപികളും,  സ്ത്രീകളും, കച്ചവടക്കാരും, കൂലി പണിയെടുക്കുന്നവരും, ശാശ്വത ശാന്തിയെ പ്രാപിക്കുന്നു.
40.    പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ
41.    അതിനാ‍ല്‍ എന്നി‍ല്‍ മനസ്സുറപ്പിക്ക്, എന്നി‍ല്‍ പ്രാ‍ര്‍ത്ഥക്ക് , എനിക്കുവേണ്ടി സേവനം ചെയ്യ്, എന്നെ നമസ്കരിക്ക്.
42.    നിന്നെ ഞാ‍ന്‍ രക്ഷിക്കാം, അതിന് സംശയമില്ല.
ഇങ്ങനെ പ്രധാന കാര്യങ്ങളുടെ ഒന്പതാം അദ്ധ്യായം അവസാനിച്ചു.








































10. പത്താം അദ്ധ്യായം - ദൈവത്തിന്‍റെ കഴിവുകളെ പറയുന്നു
ഭഗവാ‍ന്‍ പറഞ്ഞു
10.1 ഞാ‍ന്‍ പറയുന്നതിനെ വളരെ ശ്രദ്ധയോടെ കേ‍ള്‍ക്കുന്ന നിനക്ക് നല്ലതു വരനായി ഇനിയും ചില കാര്യങ്ങ‍ള്‍ പറഞ്ഞു തരാം
10.2 എന്നെ ക്കുറിച്ചും എന്റെ ഉത്പത്തിയെ ക്കുറിച്ചും ദേവന്മാരും  (മഹ‍ര്‍ഷി) പ്രവാചകന്മാരുമൊന്നും ശരിക്കറിഞ്ഞിട്ടില്ല. കാരണം ഞാനവ‍ര്‍ക്കും മുന്പേ ഇവിടെ ഉള്ളവനാകുന്നു.
10.3 ആരാണോ എന്നെ തുടക്കം ഇല്ലാത്തവനായും , ജനനമില്ലാത്തവനായും ആറിയുന്നത് , അതേ പോലെ ഈ പ്രപഞ്ചത്തിന്റെ ദൈവമായും ആറിയുന്നത് , അറിവില്ലായ്മ നീങ്ങിയ ആ മനുഷ്യ‍ന്‍ പാപങ്ങളി‍ല്‍ നിന്നും മോചിതനാവുന്നു.
10.4,10.5 മാത്രമല്ല, കാര്യങ്ങളെ വേ‍ര്‍തിരിച്ചറിയുന്ന ബുദ്ധി, അറിവ്, സത്യാവസ്ഥ, ക്ഷമ, അച്ചടക്കം, ഉള്ളടക്കം, അനുകൂലസാഹചര്യങ്ങളിലെ സന്തോഷം, പ്രതികൂല സാഹചര്യങ്ങളിലെ ദുഃഖം, ഉല്പത്തി, നാശം, പേടി, പേടി ഇല്ലായ്മ,മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്ക‍ല്‍, ജീവികളി‍ല്‍ തുല്യത, കിട്ടിയതി‍ല്‍ സംതൃപ്തി, മറ്റുള്ളവരുമായി പങ്കുവെക്ക‍ല്‍ (ദാനം), യശസ്സ്, കുപ്രശസ്തി, പലതരത്തിലുള്ള പെരുമാറ്റങ്ങ‍ള്‍, ഇവയെല്ലാം ജീവിക‍ള്‍ക്ക് (എന്നി‍ല്‍ നിന്ന്) ദൈവത്തി‍‍ല്‍ നിന്നു തന്നെയാണ് കിട്ടുന്നത്.
10.6  എ‍ന്‍റെ മനസ്സി‍ല്‍ നിന്നും എ‍ന്‍റെ  അംശങ്ങളായി ഏഴു മഹ‍ര്‍ഷിമാരും നാലു മനുമാരുമുണ്ടായി. അവരി‍ല്‍ നിന്നുണ്ടായവരാണീ മനുഷ്യ കുലമെല്ലാം തന്നെ.
10.7 അങ്ങനെ ഇക്കാണുന്നതെല്ലാം എ‍ന്‍റെ തന്നെ സവിശേഷതകളാണ് എന്നും എല്ലാം പ്രത്യേക രീതിയി‍ല്‍ ഒന്നിച്ചു ചേ‍ര്‍ന്നിരിക്കുന്നു എന്നും അറിയുന്നവ‍ന്‍ ഒരിക്കലും മാറാത്ത തരത്തി‍ല്‍ ദൈവവുമായി ചേ‍ര്‍ന്നിരിക്കുന്നു.
10.8 ഞാ‍ന്‍ എല്ലാത്തി‍ന്‍റെയും തുടക്കമാണെന്നും ,എന്നിലാണ് എല്ലാം നിലനി‍ല്‍ക്കുന്നതെന്നും അറിയുന്ന ബുദ്ധിയുള്ളവ‍ര്‍ വളരെ ഇഷ്ടത്തോടെ എന്നെ ആശ്രയിക്കുന്നു.
10.9 എന്നെ ത്തന്നെ ഓ‍ര്‍മ്മിക്കുന്നവരും, ഞാനെന്നാ‍ല്‍ ജീവനായവരും ആയവ‍ര്‍, എന്നെ  പരസ്പരം മനസ്സിലാക്കി ക്കൊടുക്കുന്നവരും , കഥക‍ള്‍ പറയുന്നവരും ആയിട്ട് എപ്പോഴും സുഖമായി സന്തോഷമായി ജീവിക്കുന്നു.
10.10 അങ്ങനെ എല്ലായ്പോഴും ദൈവീക ചിന്തയിലും പ്രവൃത്തിയിലുമുള്ളവരായി എന്നെ ആരാധിക്കുന്നവ‍ര്‍ക്ക് നല്ലവണ്ണം ചിന്തിക്കാനുള്ള കഴിവ് ഞാ‍ന്‍ നല്കുന്നു. അതിലൂടെ അവരെ‍ന്‍റെ അടുത്തു വരുന്നു.
10.11 അവരോടുള്ള അനുകമ്പയുടെ അടയാളമായി ഞാനവരുടെ ചിന്താശക്തിയിലിരുന്നു കൊണ്ട് ഒരു വിളക്കായി അറിവില്ലായ്മയാകുന്ന ഇരുട്ടിനെ മാറ്റുന്നു.

10.12, 10.13  അ‍ര്‍ജ്ജുന‍ന്‍ പറഞ്ഞു

അന്തിമമായ ദൈവവും, അന്തിമമായ ആശ്രയവും, ശരണവും, ഏറ്റവും വൃത്തിയുള്ളതും ആയത് അങ്ങുതന്നെയാണ്.
കാരണം, എല്ലാ ഋഷിമാരും , നാരദ ഋഷിയും, അസിത ഋഷിയും, ദേവല ഋഷിയും, വ്യാസ ഋഷിയും, അങ്ങുതന്നെയാണ് ശരീരത്തിലുള്ള ജീവനെന്നും, എന്നും നിലനില്ക്കുന്ന സത്തയെന്നും, പ്രകാശം പരത്തുന്നവനെന്നും, ജനിക്കാത്തവനെന്നും, സംരക്ഷിക്കുന്നവനെന്നും വിളിക്കുന്നു മാത്രമല്ല ഇപ്പോ‍ള്‍ അങ്ങ് നേരിട്ട് പറയുകയും ചെയ്യുന്നു.
10.14 കൃഷ്ണാ, എന്നോട് അങ്ങിപ്പോ‍ള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ ഉള്ളതുതന്നെയെന്ന് ഞാ‍ന്‍ വിശ്വസിക്കുന്നു. മാത്രമല്ല അങ്ങയുടെ പ്രവൃത്തികളുടെ മുഴുവ‍ന്‍ സ്വഭാവം ദേവന്മാരോ അസുരന്മാരോ മനസ്സിലാക്കിയിട്ടില്ല.
10.15 അല്ലയോ ജീവജാലങ്ങളി‍ല്‍ നന്നായിട്ടുള്ളവനേ, ജീവജാലങ്ങളെ ഉണ്ടാക്കുന്നവനേ, അവയ്ക്ക് ദൈവമായിട്ടുള്ളവനേ, പ്രകാശിക്കുന്നവയ്ക്കും പ്രകാശമായിരിക്കുന്നവനേ, ലോകത്തി‍ന്റെ‍ നാഥാ, അങ്ങയെ അങ്ങാ‍ല്‍ അങ്ങ് തന്നെ മനസ്സിലാക്കുന്നു.
10.16 ഏതെല്ലാം രൂപങ്ങളാലാണ് അങ്ങ് ഈ ലോകത്തി‍ല്‍ വ്യാപിച്ചു നി‍ല്‍ക്കുന്നത് ആ ദിവ്യങ്ങളായ രൂപങ്ങളെ വിവരിക്കാ‍ന്‍ ദൈവമേ അങ്ങുതന്നെയാണ് യോഗ്യ‍ന്‍.
10.17 ദൈവമേ എതേതു രൂപങ്ങളാലാണ് ഞാ‍ന്‍ അങ്ങയെ ചിന്തിക്കേണ്ടത്? ഞാനെങ്ങനെയാണ് എപ്പോഴും അങ്ങയെ ധ്യാനിച്ച് മനസ്സിലാക്കേണ്ടത്
10.18 അല്ലയോ ദൈവമേ അങ്ങയുടെ മാഹാത്മ്യത്തെ ഇനിയും വിവരിച്ച് പറഞ്ഞുതരണേ, എനിക്ക് കേട്ടു മതിയായില്ല.

10.19 നല്ല ദൈവം പറഞ്ഞു
എ‍ന്റെ രൂപങ്ങ‍ള്‍ക്കോ മാഹാത്മ്യങ്ങ‍ള്‍ക്കോ അറ്റമോ അവസാനമോ ഇല്ലാ എങ്കിലും ചില പ്രധാനമായവയെ പറഞ്ഞു തരാം കേട്ടോളൂ.
10.20 എല്ലാ ജീവജാലങ്ങളുടേയും ഉള്ളിലിരിക്കുന്ന ആത്മാവ് ഞാ‍ന്‍ തന്നെയാണ്. ഞാന് അവയുടെ തുടക്കവും നടുഭാഗവും അവസാനവുമാകുന്നു.
10.21 പ്രകാശിക്കുന്ന ജ്യോതി‍ര്‍ഗ്ഗോളങ്ങളി‍ല്‍ സൂര്യനും ചന്ദ്രനും ഞാ‍ന്‍ തന്നെയാണ്. അതേപോലെ കാറ്റുകളി‍ല്‍ ശ്വാസവായു ഞാനാകുന്നു.
10.22 വേദാനാം സാമവേദോസ്മി ദേവന്മാരി‍ല്‍ ഇന്ദ്രനും ഞാ‍ന്‍ തന്നെ. ശരീരാവയവങ്ങളി‍ല്‍ വെച്ച് മനസ്സ് ഞാനാണ്. ജീവജാലങ്ങളിലെ ഉണര്ന്നിരിക്കുക എന്ന അവസ്ഥയും ഞാനാകുന്നു.
10.23 രുദ്രന്മാരി‍ല്‍ ശിവഭഗവാനും, ധനാഢ്യന്മാരി‍ല്‍ കുബേരനും വസുക്കളി‍ല്‍ കാറ്റും പ‍ര്‍വതങ്ങളി‍ല്‍ മേരുവും ഞാനാണ്.
10.24 പുരോഹിതന്മാരി‍ല്‍ മുഖ്യനായ ബൃഹസ്പതി ഞാനാകുന്നു. നല്ല കാര്യത്തിനായി പടനയിക്കുന്നവരി‍ല്‍ സ്കന്ദനാണു ഞാ‍ന്‍. ജലാശയങ്ങളി‍ല്‍ സമുദ്രമാണ് ഞാ‍ന്‍.
10.25   മഹാന്മാരായ ഋഷിമാരി‍ല്‍ വെച്ച് ശ്രേഷ്ഠനായ ഭൃഗു ഞാനാണ്. ഭാഷകളിലെ പദങ്ങളി‍ല്‍ വെച്ച് -ഓം- കാരം ഞാനാണ്. ദൈവത്തോട് അടുക്കാനുള്ള സാധനകളായ യജ്ഞങ്ങളി‍ല്‍ വീണ്ടും വീണ്ടും മന്ത്രങ്ങ‍ള്‍ ഉരുവിടുക എന്ന ജപം ഞാനാണ്. ഇളകാത്തവയി‍ല്‍ ഹിമാലയം ഞാനാണ്.
10.26 എല്ലാ മരങ്ങളിലും വെച്ച് അരയാ‍ല്‍ ഞാനന്നെയാണ്. നല്ല കാര്യങ്ങ‍ള്‍ ചെയ്യുന്ന ഋഷിമാരി‍ല്‍ വെച്ച് നാരദനും ഞാ‍ന്‍ തന്നെയാണ്.
ഗന്ധ‍ര്‍വന്മാരി‍ല്‍ വെച്ച് ചിത്രരഥ‍ന്‍ എന്നയാ‍ള്‍ ഞാനാണ്. ദൈവത്തെ സാക്ഷാത്കരിച്ച സിദ്ധന്മാരി‍ല്‍ കപിലമുനി ഞാനാണ്.
10.27 കുതിരകളി‍ല്‍ ഉച്ചൈശ്രവസ്സ് ഞാനാണ്. ആനകളി‍ല്‍ ഐരാവതം ഞാനാണ്. മനുഷ്യന്മാരി‍ല്‍ രാജാവും ഞാനാണ്.
10.28 ആയുധങ്ങളി‍ല്‍ ഞാ‍ന്‍ വജ്രായുധമാണ്. പ്രയോജനമുള്ള മൃഗങ്ങളി‍ല്‍ കാമധേനു ഞാനാണ്. പ്രത്യു‍ല്‍പാദനത്തിനുള്ള കാമവികാരം ഞാനാണ്. വിഷപ്പാമ്പുകളി‍ല്‍ വെച്ച് വാസുകിയും ഞാനാണ്.
10.29 വിഷമില്ലാത്ത പാമ്പുകളി‍ല്‍ ആദിശേഷ‍ന്‍ ഞാനാകുന്നു. ജലജന്തുക്കളി‍ല്‍ വരുണ‍ന്‍ ഞാനാകുന്നു. മരിച്ചു പോയ പൂ‍ര്‍വികന്മാരായ പിതൃക്കളി‍ല്‍ അവരുടെ രാജാവായ അര്യമാ ഞാനാകുന്നു. നിയമ പാലകരി‍ല്‍ യമ‍ന്‍ ഞാനാകുന്നു.
10.30 രാക്ഷസന്മാരി‍ല്‍ പ്രഹ്ളാദ‍ന്‍ ഞാനാകുന്നു. അളക്കുന്ന സംഗതികളി‍ല്‍ സമയം ഞാനാണ്. മൃഗങ്ങളി‍ല്‍ സിംഹം ഞാനാണ്. പക്ഷികളി‍ല്‍ ഗരുഡനും ഞാനന്നെ.
10.31 ഒഴുകുന്ന വസ്തുക്കളി‍ല്‍ കാറ്റ് ഞാനാണ്. ആയുധം ധരിച്ചവരി‍ല്‍ ശ്രീ രാമ‍ന്‍ ഞാനാണ്. മീനുകളി‍ല്‍ സ്രാവ് ഞാനാണ്. അരുവികളി‍ല്‍ ഗംഗാനദി ഞാനാണ്.
10.32 പ്രപഞ്ച സൃഷ്ടിയുടെ തുടക്കവും നടുക്കുംഅവസാനവും ഞാനാണ്. പഠിക്കേണ്ടവയി‍ല്‍ ആത്മാവിനെക്കുറിച്ചുള്ള അറിവും ത‍ര്‍ക്കിക്കുന്നവരുടെ വാദങ്ങളും ഞാനാണ്.
10.33 എഴുത്തുകളി‍ല്‍ അ എന്ന അക്ഷരം ദൈവമാണ്. സമാസങ്ങളി‍ല്‍ ദ്വന്ദ്വം എന്ന സമാസവും ഒരിക്കലും അവസാനിക്കാത്ത സമയപ്രവാഹവും ഞാനാണ്. എല്ലാത്തിനേയും താങ്ങിനി‍ര്‍ത്തുന്നവനും എല്ലായിടത്തും മുഖമുള്ളവനും ഞാനന്നെ.
10.34 നശിപ്പിക്കുന്നവയി‍ല്‍ മരണവും വരാ‍നിരിക്കുന്ന ജീവജാലങ്ങളുടെ തുടക്കവും ഞാനാണ്. സ്ത്രീ ദൈവങ്ങളായി കരുതപ്പെടുന്ന കീ‍ര്‍ത്തി, ശ്രീ, സരസ്വതി, സ്മൃതി (ഓ‍ര്‍മ്മശക്തി), മേധാ (ചിന്താശക്തി), ധൃതി (ധൈര്യശക്തി), ക്ഷമാശക്തി ഇവയെല്ലാം ഞാനാണ്.
10.35 സാമവേദമന്ത്രങ്ങളി‍ല്‍ വലിയ സാമം എന്ന മന്ത്രവും, മന്ത്രങ്ങളുടെ അക്ഷരം അളക്കുന്ന വൃത്തങ്ങളി‍ല്‍ ഗായത്രിയും മാസങ്ങളി‍ല്‍ മാ‍ര്‍ഗ്ഗശീ‍ര്‍ഷം, ഋതുക്കളി‍ല്‍ വസന്തഋതുവും ഞാനാണ്.
10.36 വഞ്ചിക്കുന്ന കളികളി‍ല്‍ ചൂത് ഞാനാണ്. നല്ല തേജസ്സുള്ളവരുടെ തേജസ്സ് ഞാനാണ്. പരിശ്രമിക്കുന്നവരുടെ പരിശ്രമശേഷി ഞാനാണ്. സാത്വകന്മാരുടെ സത്വാവസ്ഥ ഞാനാണ്.
10.37 യാദവവംശത്തി‍ല്‍ ജനിച്ച ശ്രീ കൃഷ്ണ‍ന്‍ ഞാ‍ന്‍ തന്നെയാണ്. പാണ്ഡവന്മാരി‍ല്‍ അ‍ര്‍ജ്ജുനനും ഞാനാണ്. വേദത്തെ ചിന്തിക്കുന്നവരി‍ല്‍ വ്യാസഭഗവാ‍ന്‍ ഞാനാണ്. ജീവിതരീതികളുടെ ശാസ്ത്രങ്ങ‍ള്‍ മനസ്സിലാക്കിയവരി‍ല്‍ ശുക്രാചാര്യരും ഞാനാണ്.
10.38 ശിക്ഷകളി‍ല്‍ വെച്ച് ശാരീരീകമായ പീഢനം ഞാനാണ്. വിജയിക്കാനുള്ള രീതികളി‍ല്‍ നീതിയും ഞാനാണ്. രഹസ്യമായി സൂക്ഷിക്കുന്ന വിഷയങ്ങ‍ള്‍ക്കുള്ള മൌനവും ഞാനാണ്. അറിവുള്ളവരുടെ അറിവും ഞാനാണ്.
10.39 എല്ലാ ജീവജാലങ്ങളുടേയും വിത്ത് ഞാനാകുന്നു. ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുക്കളെല്ലാം ഞാനില്ലാതെ നിലനില്ക്കുന്നവയല്ല.
10.40 എന്റെ പ്രപഞ്ചത്തിലുള്ള ഉദാഹരണങ്ങ‍ള്‍ക്ക് അവസാനമില്ല. ഇപ്പറഞ്ഞത് ചിലത് നിനക്ക് മനസ്സിലാക്കാനായി പറഞ്ഞതാണ്. അതും ചുരുക്കമായിട്ട്.
10.41 ഇ ക്കാണുന്നവയി‍ല്‍ സവിശേഷങ്ങളായും ഐശ്വര്യങ്ങളായും  എന്തെങ്കിലുമുണ്ടെങ്കി‍ല്‍ അവ എ‍ന്‍റെ അംശത്തി‍ല്‍ നിന്നുമുണ്ടായതാണെന്ന് നീ മനസ്സിലാക്കുക.
10.42 ഇനി അധികം എന്തിനു പറയണം അ‍ര്‍ജ്ജുനാ നീ ഇതൊക്കെ എണ്ണിയെണ്ണി പഠിച്ചിട്ടെന്തു ചെയ്യാ‍ന്‍ , ചുരുക്കി പ്പറയട്ടെ ഈ ലോകത്തെ ഞാ‍ന്‍ എന്റെ ഒരംശത്താ‍ല്‍ മാത്രം നിറച്ചു  നി‍ല്‍ക്കുന്നു.

‍‍